തീവ്ര ഇടത് പക്ഷക്കാർ ആവേശത്തോടെ ഉയർത്തിയ മുദ്രാവാക്യമായിരുന്നു “വിപ്ലവം തോക്കിൻ കുഴലിലൂടെ ” എന്നത്. ഈ മുദ്രാവാക്യത്തിൽ ആകൃഷ്ടരായി നൂറ് കണക്കിന് ചെറുപ്പക്കാർ കമ്യൂണിസ്റ്റ് വിപ്ലവം ആസന്നമായി എന്ന് കരുതി അവരുടെ യൗവനം ഹോമിച്ചിട്ടുണ്ട്. ആത്മാർത്ഥതയും സത്യസന്ധതയും കൈമുതലായിട്ടുള്ള ഈ ചെറുപ്പക്കാരിൽ ചിലരെങ്കിലും പ്രതീക്ഷയർപ്പിച്ചിരുന്നു. അത് കൊണ്ട് തന്നെ ഇടത് പക്ഷ പ്രസ്ഥാനങ്ങളിലേക്കുള്ള യുവാക്കളുടെ കടന്നുവരവിനെ പ്രതീക്ഷയോടെ തന്നെയാണ് പരിഗണിച്ചിരുന്നത്. അത്തരത്തിലുള്ള ഒരു രാഷ്ട്രീയ ആഗമനം തന്നെയായിരുന്നു കനയ്യ കുമാറിൻ്റെ രാഷ്ട്രീയ പ്രവേശനവും.’ ഒരു ഫാഷിസ്റ്റ് ശക്തി അധികാരത്തിലിരിക്കുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ടുള്ള കനയ്യകുമാറിൻ്റെ ശബ്ദം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടിമുഴക്കം സൃഷ്ടിക്കുമെന്ന് കരുതിയവർ ഏറെയാണ്.
ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ബീഹാറിൽ നിന്നുള്ള ഒരു ദളിത് യുവാവിൻ്റെ ഉയർച്ച അത്തരത്തിൽത്തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നാളത്തെ ഭാരതത്തിൻ്റെ ഇടത് പക്ഷത്തെ നയിക്കാനുള്ള ചുണയും കരുത്തും ഈ യുവാവിൽ നിന്നുമുണ്ടാകുമെന്നാണ് ഇന്ത്യൻ രാഷ്ട്രീയ മണ്ഡലം ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത്. എന്നാൽ ഈ ചെറുപ്പക്കാരനും നമ്മോട് വിളിച്ചു പറയുന്നത് രാഷ്ട്രീയം സാദ്ധ്യതയുടെ കലയാണെന്ന് തന്നെയാണ്. അവസരം ലഭിക്കുമ്പോൾ അധികാരത്തിന് പിന്നാലെ ഓടുന്നതാണ് രാഷ്ട്രീയത്തിലെ ശരി എന്നാണ് ഈ ചെറുപ്പക്കാരൻ കണ്ടെത്തിയ രാഷ്ട്രീയ യാഥാർത്ഥ്യം.
വർത്തമാന ഇന്ത്യൻ രാഷ്ട്രീയം ആവശ്യപ്പെടുന്നത് വ്യക്തമായ രാഷ്ടീയ ബോധമുള്ള ആർജ്ജവവും സ്ഥിരതയുമുള്ള ചെറുപ്പക്കാരെയാണ്. രാഷ്ടീയത്തിലെ ആർത്തിപൂണ്ട കടൽക് കിഴവൻമാർക്ക് പകരം ഉയർന്നു വരാനുള്ള അത്തരം ഒരു അവസരമാണ് കനയ്യ കുമാർ പുതിയ രാഷ്ട്രീയ മാറ്റത്തിലൂടെ നഷ്ടപ്പെടുത്തിയിട്ടുള്ളത്. അനുദിനം ജീർണ്ണിക്കുകയും ജനാധിപത്യം നഷ്ടപ്പെടുകയും ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിൽ നിന്നും കനയ്യകുമാർ പ്രതീക്ഷിക്കുന്നത് എന്തായിരിക്കുമെന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ല.
ഇന്ത്യയിലെ വിപ്ലവകാരികളുടെ രാജകുമാരനായ ഭഗത് സിംഗിൻ്റെ ജന്മദിനം തന്നെ നിർഭാഗ്യകരമായ ഈ രാഷ്ട്രീയ മാറ്റത്തിന് തെരഞ്ഞെടുത്ത സഖാവിന്റെ തീരുമാനം ചരിത്രത്തോട് ചെയ്യുന്ന അപരാധം തന്നെയാണ്. കൈപ്പത്തിയിലൂടെ വിപ്ലവം വരുമെന്ന കനയ്യയുടെ വിശ്വാസം ചരിത്രം അടയാളപ്പെടുത്താൻ പോകുന്നത് ദയനീയമായ രാഷ്ട്രീയ പതനം എന്ന നിലയിൽ തന്നെയായിരിക്കും.