ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കന്നഡ നടൻ ചേതൻ കുമാറിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുത്വ എന്നത് നുണകളിൽ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണെന്ന ചേതൻ്റെ ട്വീറ്റ് വിവാദമായതിന് പിന്നാലെയാണ് അറസ്റ്റ്. ശേഷാദ്രിപുരം പൊലീസ് അറസ്റ്റ് ചെയ്ത നടനെ, കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.
ഒരു മതത്തെയോ മതവിശ്വാസത്തെയോ അവഹേളിക്കുകയും, സമൂഹത്തിൽ ശത്രുത വളർത്തുന്ന പ്രസ്താവന നടത്തിയെന്നുമാണ് ദലിത്, ആദിവാസി ആക്ടിവിസ്റ്റായ നടനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. നുണകളിൽ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വം എന്നാണ് ചേതൻ കുമാർ മാർച്ച് 20 ന് ട്വീറ്റ് ചെയ്തത്. സവർക്കർ: രാവണനെ തോൽപ്പിച്ച് രാമൻ അയോധ്യയിലേക്കു തിരിച്ചെത്തിയപ്പോഴാണ് ഇന്ത്യാ ‘രാജ്യം’ തുടങ്ങുന്നത്– നുണ. 1992: രാമന്റെ ജന്മസ്ഥലമാണ് ബാബറി മസ്‌ജിദ്–നുണ. 2023: ഉറിഗൗഡ–നഞ്ചെഗൗഡ എന്നിവരാണ് ടിപ്പുവിന്റെ ‘കൊലയാളികൾ’– നുണ. ഹിന്ദുത്വത്തെ സത്യം കൊണ്ടു മാത്രമേ തോൽപ്പിക്കാനാകൂ. സത്യം എന്നതു തുല്യതയാണ്.’– ചേതൻ ട്വീറ്റിൽ അഭിപ്രായപ്പെട്ടിരുന്നു.
ചേതൻ കുമാർ ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം, ഹിന്ദു അനുകൂല സംഘടനകൾ അദ്ദേഹത്തിനെതിരെ പരാതി നൽകുകയും ശേഷാദ്രിപുരം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ചേതൻ കുമാറിനെതിരെയുള്ള പൊലീസ് നടപടി ഇതാദ്യമല്ല. ഇയാൾക്കെതിരെ പൊലീസ് നേരത്തെ നടപടി സ്വീകരിച്ചിരുന്നു. 2022 ഫെബ്രുവരിയിൽ, ഹിജാബ് കേസ് കേൾക്കുകയായിരുന്ന കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെതിരെ ആക്ഷേപകരമായ ട്വീറ്റിന് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.