കൊച്ചി: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് നാഷണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ രണ്ടുവയസ്സുകാരിയായ മകൾക്കാണ് ഈ തുക നൽകുന്നത്.
തുക എത്രയും വേഗം നൽകാൻ നിർദേശിച്ച് ജസ്റ്റിസ് എൻ. നഗരേഷ് ഹർജി തീർപ്പാക്കി. ഷറഫുദ്ദീന്റെ ഭാര്യ ആമിന, മകൾ, ഷറഫുദ്ദീന്റെ മാതാപിതാക്കൾ എന്നിവരാണ് ഉയർന്ന നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു കാട്ടി കോടതിയെ സമീപിച്ചത്. അപകടത്തിൽ മരിച്ച ഷറഫുദ്ദീന്റെയും പരിക്കേറ്റ ഭാര്യ ആമിനയുടെയും നഷ്ടപരിഹാരം നിർണയിക്കാനുള്ള രേഖകളെല്ലാം ലഭിച്ചിട്ടില്ലെന്ന് ഏവിയേഷൻ കമ്പനി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് ഹർജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.