കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തകരായ 35 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ 18 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ച രക്ഷാപ്രവര്‍ത്തകരുടെ എണ്ണം 53 ആയി. 824 പേരുടെ ഫലം നെഗറ്റീവായി. കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളിൽ നിന്നുള്ള സമീപവാസികളായ 150 ഓളം പേർ അന്ന് മുതൽ തന്നെ ക്വാറന്‍റീനിലേക്ക് മാറിയിരുന്നു.
ആകെ 1,017 പേരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 877 പേരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. ഇതിൽ 53 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിശമന വിഭാഗം ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെ 53 പേർക്കാണ് കൊവിഡ് കണ്ടെത്തിയത്.
ആഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ എയർഇന്ത്യ എക്സ്പ്രസിൻ്റെ ദുബായ് – കോഴിക്കോട് വിമാനം റൺവേയിൽ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ ഇടിച്ച് അപകടമുണ്ടായത്. വിമാനം ലാൻഡിംഗ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധനചോർച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിൻ്റെ രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചിരുന്നു.