കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ലാൻഡിങ്ങിനിടെ തകർന്നുണ്ടായ ദുരന്തത്തിൽ നമുക്ക് നഷ്ടമായത് 30 വർഷത്തോളം പരിചയ സമ്പത്തുള്ള കരുത്തുറ്റ പൈലറ്റിനെ… 1980 തിൽ മഹാരാഷ്ട്രയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും 58ാം റാങ്കോടെ കോഴ്‌സ് പൂര്‍ത്തിയാക്കി ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച ക്യാപ്റ്റന്‍ ദീപക് വി സാത്തേ വ്യോമസേനയിലെ 12 വര്‍ഷത്തെ സേവനത്തിന് ശേഷം വളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് എയര്‍ ഇന്ത്യയില്‍ പ്രവേശിച്ചത്.എയര്‍ ഇന്ത്യയില്‍ ചേരുന്നതിന് മുന്‍പ് വ്യോമസേനയിലെ എക്‌സ്പിരിമെന്റല്‍ ടെസ്റ്റ് പൈലറ്റ് ആയിരുന്നു അദ്ദേഹം.
എയര്‍ ഇന്ത്യ എക്‌സപ്രസ് ബോയിങ് 737ന്റെ പൈലറ്റായി പ്രവേശിക്കുന്നതിന് മുന്‍പ് എയര്‍ ഇന്ത്യ എയര്‍ബസ് 310ന്റെ പൈലറ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എയർ ഫോഴ്സ് അക്കാദമിയിൽ നിന്ന് സ്വോർഡ് ഓഫ് ഹോണർ പുരസ്കാരം നേടിയിട്ടുണ്ട്. ഫൈറ്റർ പൈലറ്റ് കൂടിയായിരുന്നു അദ്ദേഹം. ഭാര്യയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം മുംബൈയിലെ പോവൈയിലായിരുന്നു താമസം.
വ്യാഴാഴ്ച രാത്രി 7.41 ഓടെയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം നടന്നത്. ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. തനിക്ക് റൺവേ കാണാൻ കഴിയുന്നില്ലെന്ന് ക്യാപ്റ്റന്‍ ദീപക് സാത്തേ കൺട്രോൾ റൂമിൽ അറിയിച്ചിരുന്നു. ആദ്യ തവണ വിമാനം ഇറക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. രണ്ടാമത്തെ തവണ വിമാനം റൺവേയിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ദുബായ് – കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.