നാളെ കര്‍ക്കടകം ഒന്ന്. ഇനി വരുന്ന ഒരുമാസക്കാലം കേരളത്തിന്റെ ഇടനാഴികൾ രാമായണശീലുകളാൽ മുഖരിതമാവും. സൂര്യന്‍ കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടകമാസം. നിനച്ചിരിക്കാത്ത നേരത്ത് മഴയും വെയിലും മാറിമാറി വരുന്നതിനാല്‍ കള്ളക്കര്‍ക്കടകമെന്നും ഈ മാസത്തിന് വിളിപേരുണ്ട്.കര്‍ക്കടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത് ഇന്നും മലയാളികള്‍ മാത്രമാണ്. കാലാവസ്ഥാപരമായ പ്രത്യേകതയും ഈ ആചാരത്തിനു പിന്നിലുണ്ട്. പഴയ കണക്ക് അനുസരിച്ച് ഇടമുറിയാതെ മഴ പെയ്യുന്ന കര്‍ക്കടക മാസം പൊതുവേ ആധ്യാത്മിക ചിന്തയ്ക്കുള്ള കാലഘട്ടമാണ്.
മനസിന്റെ കാരകനായ ചന്ദ്രനും ശരീരകാരകനായ സൂര്യനും ഒരേ സമയം ഭൂമിയിലേക്കു നോക്കുന്ന സമയമാണിത്. പിതൃക്കള്‍ക്ക് വളരെ പ്രിയപ്പെട്ട ഈ കാലത്താണ് കര്‍ക്കടകവാവും പിതൃതര്‍പ്പണവും നടക്കുന്നത്. ചന്ദ്രനും സൂര്യനും ഒരേ അക്ഷാംശത്തില്‍ വരുന്ന ദിവസമാണത്.
കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞുവെന്നാണ്. കർക്കടകം വിശ്രമത്തിന്റെയും ശരീരത്തിലെയും മനസ്സിലെയും കാലുഷ്യമകറ്റലിന്റെയും കാലമാണ്. മനസ്സും വാക്കും നന്നാക്കാൻ രാമായണം വായന, ശരീരം നന്നാക്കാൻ വിശ്രമവും ചികിത്സയും. മനുഷ്യരുടെ മാത്രമല്ല, കന്നുകാലികളുടെയും ചികിത്സക്കാലമാണ് കർക്കടകം.
കര്‍ക്കടകം ഒന്നു മുതല്‍ രാമായണം വായന തുടങ്ങി മാസം അവസാനിക്കുമ്പോഴേക്കും തീര്‍ക്കണമെന്നാണു സങ്കല്‍പ്പം. കര്‍ക്കടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണു വിശ്വാസം. മറ്റെല്ലാ ഹൈന്ദവാചാരങ്ങളിലുമെന്നതുപോലെ സ്നാനം, ഭസ്മധാരണം, ചന്ദനം തൊടല് മുതലായവ ചെയ്ത ശേഷം ഏകാഗ്രചിത്തനായി ഇരുന്ന് രാമായണ പാരായണം ആരംഭിക്കാം. ദശപുഷ്പങ്ങള്‍ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്ക്കുന്ന ചടങ്ങും ഈ മാസം നടത്തുന്നത് ഉചിതമാണ്.