കര്‍ണാടക സ്വദേശിയായ രവി ഹോംഗലിന് ഫോട്ടോഗ്രഫി ഒരു പ്രൊഫഷന്‍ മാത്രമല്ല, മറിച്ച് അഗാധമായ പ്രണയം കൂടിയാണ്. ക്യാമറയോടുള്ള പ്രിയംകൊണ്ട് തന്റെ മൂന്ന് മക്കള്‍ക്കും ക്യാമറ ബ്രാന്റുകളുടെ പേരാണ് കര്‍ണാടകയിലെ ഫോട്ടോഗ്രാഫര്‍ രവി ഹോംഗലും ഭാര്യ കൃപ ഹോംഗലും നല്‍കിയിരിക്കുന്നത്.
ഇതുമാത്രമല്ല, ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടം മൂത്ത് ക്യാമറയുടെ രൂപത്തില്‍ ഒരു വീട് തന്നെ നിര്‍മ്മിച്ചിരിക്കുകയാണ് രവി. കര്‍ണാടകയിലെ ബെല്‍ഗാവി സിറ്റിയില്‍ പണിത ഈ വീട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ തരംഗമായികൊണ്ടിരിക്കയാണ്.
കഴിഞ്ഞ 33 വര്‍ഷമായി ഫോട്ടോഗ്രഫറായി ജോലി ചെയ്യുകയാണ് രവി. 49കാരനായ രവിയുടെ ഏറ്റവും ഏറ്റവും വലിയ സ്വപ്ന സാക്ഷാത്കാരമായിരുന്നു ക്യാമറ രൂപത്തില്‍ ഒരു വീട്. മുൻപ് താമസിച്ചിരുന്ന വീട് വിറ്റും അതിനൊപ്പം ബാക്കി പണം കടം വാങ്ങിയാണ് ഇവർ ആഗ്രഹം പോലെ വീട് നിർമ്മിച്ചിരിക്കുന്നത്. 71 ലക്ഷം രൂപയാണ് കാമറ വീടിനായി രവി ചിലവഴിച്ചത്.
ഡിഎസ്എല്‍ആര്‍ ക്യാമറയുടെ ആകൃതിയിലാണ് മൂന്ന് നിലയുള്ള വീട് നിര്‍മ്മിച്ചിരിക്കുന്നത്.വീടിന്റെ അകത്തളങ്ങളിൽ കാമറയുടെ പോലെ ലെൻസും ഫ്ലാഷും ഷോ റീലും മെമ്മറി കാർഡും വ്യൂ ഫൈൻഡറുമെല്ലാമുണ്ട്. വീടിന് അകത്തുള്ള സീലിങ്ങും ചുമരുകളുമെല്ലാം തന്നെ കാമറയുടെ വിവിധ പാർട്ടുകളാണെന്ന് തോന്നിപ്പിക്കുന്ന വിധമാണ് രൂപകൽപ്പന.
വര്‍ഷങ്ങളെടുത്തുകൊണ്ടാണ് ആ സ്വപ്നം സഫലമാക്കിയത്. ആര്‍കിടെക്റ്റുകളും എഞ്ചിനീയര്‍മാരും അതിന് സഹായിച്ചതായും രവി പറഞ്ഞു.