സിനിമാ രംഗത്തുനിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി കസ്തൂരി. സംവിധായകൻ അനുരാഗ് കശ്യപിനെതിരേ പായൽ ഘോഷ് നടത്തിയ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു താരം. പായലിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്താണ് കസ്തൂരിയുടെ വെളിപ്പെടുത്തൽ.
‘വ്യക്തമായതോ സ്ഥിരീകരിക്കുന്നതോ ആയ തെളിവുകളില്ലാത്ത ലൈംഗികാരോപണങ്ങൾ തെളിയുന്നത് അസാധ്യമാണ്. എന്നാൽ ഒന്നോ അതിലധികമോ പേരുകൾ നശിപ്പിക്കാൻ അവർക്ക് കഴിയും. മറ്റൊരു ഗുണവുമില്ല”- കസ്തൂരി കുറിച്ചു. വിഷയത്തിൽ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്.
‘നിങ്ങളുമായി അടുപ്പമുള്ള ഒരാൾക്കാണ് ഇത് സംഭവിച്ചത് എങ്കിൽ നിയമ വശങ്ങളെക്കുറിച്ച് സംസാരിക്കുമോ” എന്നായിരുന്നു ഒരാളുടെ ചോദ്യം. ”എന്ത് അടുപ്പമുള്ളയാൾ, എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ട്.”- കസ്തൂരി കുറിച്ചു. അതിക്രമത്തെക്കുറിച്ച് തുറന്ന് സംസാരിക്കണമെന്ന് കസ്തൂരിയോട് ആളുകൾ ആവശ്യപ്പെട്ടെങ്കിലും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ നടി തയാറായില്ല.