വിംബിൾഡണിൽ തിളങ്ങി കേറ്റ് മിഡിൽറ്റൺ ; കീമോതെറാപ്പിക്കിടെയുള്ള രണ്ടാമത്തെ പൊതുപരിപാടി

0

ലണ്ടൻ: വിംബിൾഡൺ പുരുഷ ഫൈനൽ മത്സരത്തിൽ നിറസാന്നിധ്യമായി ബ്രിട്ടീഷ് കിരീടാവകാശി വില്യമിന്‍റെ ഭാര്യ കേറ്റ് മിഡിൽറ്റൺ. അർബുദം സ്ഥിരീകരിക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്തതിനു ശേഷമുള്ള കേറ്റിന്‍റെ രണ്ടാമത്തെ പൊതുപരിപടിയാണ് വിംബിൾഡൺ ഫൈനൽ മത്സരം. വിംബിൾഡമിലെ സെന്‍റർ കോർട്ടിലുള്ള റോയൽ ബോക്സിലേക്ക് ലൈലാക് നിറമുള്ള ഹൈ നെക് മിഡി ഡ്രസ് അണിഞ്ഞാണ് കേറ്റ് എത്തിയത്. ഒപ്പം മകൾ ഷാർലറ്റുമുണ്ടായിരുന്നു. ഗ്യാലറിയിലുള്ളവർ എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് കേറ്റിനെ വരവേറ്റത്.

വിംബിൾഡണിന്‍റെ ഒഫീഷ്യൽ നിറങ്ങളിൽ ഒന്നാണ് ലൈലാക്. റോയൽ ബോക്സിൽ കേറ്റിന്‍റെ സഹോദരി പിപ്പ മാത്യൂസും സിനിമാ താരം ടോം ക്രൂസും വിംബിൾഡൺ മുൻ ചാമ്പ്യന്മാരായ ആൻഡ്രെ അഗാസി , റോഡ് ലൈവർ, സ്റ്റീഫൻ എഡ്ബർഗ് എന്നിവരുമുണ്ടായിരുന്നു. ഫൈനലിൽ നോവാക് ജോകോവിച്ചിനെ പരാജയപ്പെടുത്തിയ കാർലോസ് അൽക്കാരസിന് കേറ്റ് ട്രോഫി സമ്മാനിച്ചു.

കഴിഞ്ഞ മാർച്ചിലാണ് തനിക്ക് അർബുദം സ്ഥിരീകരിച്ചതായി കേറ്റ് വെളിപ്പെടുത്തിയത്. കീമോ തെറാപ്പി ആരംഭിച്ചതിനു ശേഷം ചാൾസ് രാജാവിന്‍റെ പിറന്നാളുമായി ബന്ധപ്പെട്ട പരേഡ് വീക്ഷിക്കാനായി കേറ്റ് എത്തിയിരുന്നു. ചാൾസ് രാജാവും അർബുദ ബാധിതനാണ്.