പഠാന്‍കോട്ട്: ജമ്മു കശ്മീരിലെ കഠുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്ത മുഖ്യപ്രതി സാഞ്ചി റാം, സ്പെഷ്യൽ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ,സാഞ്ചി റാമിന്‍റെ സുഹൃത്ത് പർവേഷ് കുമാർ എന്നിവർക്കാണ് മരണം വരെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ ആനന്ദ് ദത്ത, സബ് ഇൻസ്പെക്ടർ സുരേന്ദർ വെർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നിവർക്ക് അഞ്ച് വർഷം തടവും അമ്പതിനായിരം രൂപ തടവുമാണ് വിധിച്ചിരിക്കുന്നത്.
കേസില്‍ ആകെ എട്ടുപ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ആറുപേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. ഒരാളെ വെറുതെ വിട്ടിരുന്നു. സാഞ്ജി റാമിന്റെ മകന്‍ വിശാലിനെയാണ് തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്. കുറ്റകൃത്യം നടന്ന് പതിനാറുമാസത്തിനു ശേഷമാണ് വിധി പ്രസ്താവിക്കുന്നത്. പഠാൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്‍വീന്ദർ സിംഗാണ് കേസിൽ വിധി പറഞ്ഞത്. വിധിപ്രസ്താവത്തിന് മുന്നോടിയായി കോടതിയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ജമ്മുകശ്മീരിലെ കഠുവ ഗ്രാമത്തില്‍നിന്ന് 2018 ജനുവരി പത്തിന് കാണാതായ നാടോടി കുടുംബത്തിലെ എട്ടുവയസ്സുകാരിയുടെ മൃതദേഹം 17-ന് കണ്ടെത്തുകയായിരുന്നു. അതിക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
കഠുവാ ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു പെണ്‍കുട്ടിയെ കുറ്റവാളികള്‍ പാര്‍പ്പിച്ചിരുന്നതെന്നും അവിടെ വെച്ച് ലഹരി മരുന്നു നല്‍കി കുട്ടിയെ നാല് ദിവസത്തോളളം പ്രതികള്‍ ബലാല്‍സംഗം ചെയ്‌തെന്നാണ് കുറ്റപത്രം.