ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന പദവി സിംഗപ്പൂരിന് സ്വന്തം. ലോകത്തെ 135 രാജ്യങ്ങളിലെ പൗരന്മാരെ നേരിൽക്കണ്ട് അഭിമുഖം നടത്തി ആ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തിയാണ് ഈ പദവി നല്‍കുന്നത്. ഗാലപ്പ് ഗ്ലോബൽ ലോ ആൻഡ് ഓർഡർ റിപ്പോർട്ടിലാണ് സിങ്കപ്പുരിന് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്. ഓരോ രാജ്യങ്ങളിലെയും ക്രമസമാധാനം കണക്കാക്കിയാണ് ഈ സ്ഥാനം നിര്‍ണ്ണയിച്ചത്. ഇന്ത്യയ്ക്ക് ഇതുപ്രകാരം 29-ാം സ്ഥാനമാണ്.
രാത്രി തനിച്ച് സഞ്ചരിക്കുമ്പോൾ സുരക്ഷിതത്വം തോന്നാറുണ്ടാ, പൊലീസിൽ വിശ്വാസമുണ്ടോ, പണമോ വസ്തുവകകളോ അടുത്തിടെ മോഷണം പോയിട്ടുണ്ടോ കഴിഞ്ഞ ഒരുവർഷത്തിനിടെ നിങ്ങൾ ആക്രമിക്കപ്പെടുകയോ തട്ടിപ്പിനിരയാവുകയോ ചെയ്തിട്ടുണ്ടോ തുടങ്ങിയവയാണ് ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
നൂറിൽ 97 മാർക്കോടെയാണ് സിങ്കപ്പൂർ ഒന്നാമതെത്തിയത്. നോർവേയും ഐസ്‌ലൻഡും ഫിൻലൻഡും 93 മാർക്കോടെ തുടർന്നുള്ള സ്ഥാനങ്ങളിലെത്തി. ഉസ്‌ബെക്കിസ്താനും ഹോങ്‌കോങ്ങും 91 മാർക്ക് വീതം നേടി. സ്വിറ്റ്‌സർലൻഡ്, കാനഡ എന്നീ രാജ്യങ്ങൾ 90 മാർക്കും നേടി. ഇൻഡോനേഷ്യ (89), ഡെന്മാർക്ക് (88) എന്നിവയാണ് ആദ്യ പത്തുസ്ഥാനങ്ങളിൽ വരുന്ന രാജ്യങ്ങൾ. വെനസ്വേലയാണ് ലോകത്ത് ക്രമസമാധാനം ഏറ്റവും കുറഞ്ഞ രാജ്യമായി റിപ്പോർട്ടിൽ പരാമർശിക്കുന്നത്. 44 മാർക്കുമാത്രമുള്ള വെനസ്വേല 135-ാം സ്ഥാനത്തുനിൽക്കുന്നു. തൊട്ടടുത്ത് അഫ്ഗാനിസ്ഥാനുണ്ട്. 45 മാർക്കാണ് അഫ്ഗാനിസ്ഥാന് നേടാനായത്.