കല്പറ്റ : കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. ഇനി ഇടതുമുന്നണിയോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് റോസക്കുട്ടി അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും വനിതാകമ്മിഷന്‍ മുന്‍ അധ്യക്ഷയുമാണ് റോസക്കുട്ടി.
വളരെ അധികം നാളുകളായി ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്ന് റോസക്കുട്ടി പറഞ്ഞു. നാല് പതിറ്റാണ്ടുകൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. കോൺഗ്രസ് ഇപ്പോൾ സ്ത്രീകളോട് കാണിക്കുന്ന അവഗണന അംഗീകരിക്കാനാത്തതാണെന്നും അതിൽ വലിയ നിരാശയുണ്ടെന്നും റോസക്കുട്ടി പറഞ്ഞു.
സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നതിലും ഗ്രൂപ്പ് പോരിലും മനം മടുത്താണ് രാജിയെന്നും വളരെയധികം ആലോചിച്ചാണ് കോണ്‍ഗ്രസ് വിടാനുളള തീരുമാനമെടുത്തതെന്നും അവർ പറഞ്ഞു. സിപിഎം നേതാവ് പി കെ. ശ്രീമതിയും കൽപ്പറ്റയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി ശ്രേയാംസ് കുമാറും വീട്ടിലെത്തി മധുരം നല്‍കി റോസക്കുട്ടിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തു. വയനാട്ടില്‍ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് റോസക്കുട്ടി പറഞ്ഞു.