കേരളം ആർക്കൊപ്പമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം; വോട്ടെണ്ണൽ തുടങ്ങി

0

അടുത്ത അഞ്ചു വർഷം കേരളം ആർക്കൊപ്പമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. . വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. കേരളത്തെ കൂടാതെ തമിഴ്നാട്. പശ്ചിമബംഗാള്‍, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും മലപ്പുറം ലോക്സഭയിലേക്കടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും ജനവിധി ഇന്നാണ്.

സംസ്ഥാനത്ത് 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍തപാല്‍ ബാലറ്റുകളുമാണ് എണ്ണുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകളാണ് ഉപയോഗിക്കുന്നത്.

പ്രത്യേക ടേബിളുകളിലായാണ് തപാല്‍ വോട്ടുകള്‍ എണ്ണുക. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു മുതല്‍ എട്ടു വരെ ടേബിളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു ടേബിളില്‍ ഒരു റൗണ്ടില്‍ 500 പോസ്റ്റല്‍ ബാലറ്റ് വീതമാണ് എണ്ണുക. ഇതിനൊപ്പം ഇ.ടി.പി.ബി.എസ്. വോട്ടുകള്‍ സ്‌കാന്‍ ചെയ്യുന്നതിനു പ്രത്യേക ടേബിളും ക്രമീകരിച്ചിട്ടുണ്ട്.

രണ്ടു റൗണ്ടില്‍ പൂര്‍ത്തിയാകത്തക്കവിധമാണു തപാല്‍ വോട്ടെണ്ണലിന്റെ ക്രമീകരണം. ഓരോ മണ്ഡലത്തിലേയും തപാല്‍ വോട്ടുകള്‍ മുഴുവനും എണ്ണിത്തീര്‍ന്ന ശേഷമേ അതതു മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ അവസാനത്തെ രണ്ടു റൗണ്ട് വോട്ടെണ്ണൂ. ഇതിനു ശേഷം അഞ്ചു വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ കൂടി എണ്ണി തിട്ടപ്പെടുത്തിയ ശേഷമാകും വിജയിയെ പ്രഖ്യാപിക്കുക.

140 മണ്ഡലങ്ങളിലേക്കായി ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ്. പോസ്റ്റല്‍ വോട്ട് ഒഴികെ 74.06 ആയിരുന്നു ഇത്തവണത്തെ പോളിങ് ശതമാനം.