ബ്ലാസ്റ്റേഴ്സിൻ്റെ ആവശ്യം തള്ളി എഐഎഫ്എഫ്: മത്സരം വീണ്ടും നടത്തില്ല

0

കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള നോക്കൗട്ട് മത്സരം വീണ്ടും നടത്തില്ലെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി. മത്സരം ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സിനെതിരായ അച്ചടക്ക നടപടി ഉടൻ തീരുമാനിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിച്ചിരുന്നു. ഈ മത്സരം വീണ്ടും നടത്തണമെന്നായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ ആവശ്യം. വിവാദ തീരുമാനമെടുത്ത റഫറി ക്രിസ്റ്റൽ ജോണിനെ വിലക്കണമെന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനു നൽകിയ പരാതിയിൽ ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടു.

“ലൂണയോട് പന്തിനരികെ നിന്ന് മാറിനിൽക്കാൻ റഫറി പറഞ്ഞതായി പരാതിയിലുണ്ട്. ക്വിക്ക് ഫ്രീ കിക്ക് അനുവദിക്കാതിരിക്കാനായിരുന്നു ഇത്. താരത്തോട് മാറിനിൽക്കാൻ റഫറി ആവശ്യപ്പെടുകയെന്നാൽ പ്രതിരോധ മതിൽ തയ്യാറാക്കുക എന്നതാണ്. വിസിലിനു ശേഷമേ ഫ്രീ കിക്ക് എടുക്കാൻ അനുവാദം നൽകാമായിരുന്നുള്ളൂ. ഗോൾ അനുവദിക്കാനുള്ള റഫറിയുടെ തീരുമാനത്തിൽ യുക്തിയില്ല.”- ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

നിശ്ചിത സമയവും കഴിഞ്ഞ് അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ സുനിൽ ഛേത്രി എടുത്ത ഫ്രീ കിക്കിൽ ബെംഗളൂരു ജയം കുറിക്കുകയായിരുന്നു. 97ആം മിനിട്ടിൽ നേടിയ ഗോളിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് ടീം കളം വിട്ടെങ്കിലും ബെംഗളൂരു ടീം തുടർന്നു. അധികസമയം അവസാനിക്കും വരെ ബെംഗളൂരു താരങ്ങൾ കളത്തിലുണ്ടായിരുന്നു. സമയം അവസാനിച്ചപ്പോൾ റഫറി ഫൈനൽ വിസിൽ മുഴക്കി ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

നിശ്ചിത സമയത്ത് ഒരു ടീമുകളും ഗോൾ രഹിത സമനില വഴങ്ങിയ മത്സരത്തിൻ്റെ അധികസമയത്താണ് വിവാദമുണ്ടായത്. 97ആം മിനിട്ടിൽ ലഭിച്ച ഫ്രീ കിക്ക് പകരക്കാരനായെത്തിയ സുനിൽ ഛേത്രി പെട്ടെന്ന് വലയിലാക്കിയത് കേരള ബ്ലാസ്റ്റേഴ്സ് അംഗീകരിച്ചില്ല. തങ്ങൾ തയാറാവുന്നതിനു മുൻപാണ് ഛേത്രി കിക്കെടുത്തതെന്ന് താരങ്ങൾ വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു. തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമാനോവിച് താരങ്ങളെ തിരികെവിളിക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസൺ കളിച്ച് ഈ സീസണിൽ എഫ്സി ഗോവയിലെത്തിയ ആൽവരോ വാസ്കസ്, പൂനെ സിറ്റി, ഹൈദരാബാദ് എഫ്സി തുടങ്ങി വിവിധ ഐഎസ്എൽ ക്ലബുകളിൽ കളിച്ച മാഴ്സലീഞ്ഞോ എന്നിവർ റഫറിയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നു.