കേരള ബജറ്റ് 2021: 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ്

0

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രതിസന്ധി മറികടക്കാനുള്ള നിർദ്ദേശങ്ങളിലും ഊന്നി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. കോവിഡ് സൃഷ്ടിച്ച വെല്ലുവിളി നേരിടുന്നതിനായി 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കയ്യിലെ ത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകൾ, പലിശ സബ്‌സിഡികൾ എന്നിവയ്ക്കായി 8300 കോടിയും ലഭ്യമാക്കും.

18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സീൻ സൗജന്യമായി നൽകാനുള്ള പദ്ധതിക്കായി 1000 കോടി ബജറ്റിൽ അനുവദിച്ചു. പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ എല്ലാ മെഡിക്കൽ കോളജിലും പ്രത്യേക ബ്ലോക്ക് ആരംഭിക്കും. തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 കോടി അനുവദിച്ചു. പീഡിയാട്രിക് ഐസിയു കിടക്കൾ വർധിപ്പിക്കും.

150 മെട്രിക് ടൺ ശേഷിയുള്ള ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. വികസനം ലക്ഷ്യമിടുന്ന പോസ്റ്റീവ് ബജറ്റാണിതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും. കോവിഡിന്റെ മൂന്നാം വരവിനെക്കുറിച്ചുള്ള ആശങ്ക കണക്കിലെടുക്കും. പ്രഖ്യാപനങ്ങൾ നടപ്പാക്കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. തോമസ് ഐസക് അവതരിപ്പിച്ചത് സമഗ്രമായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.