രാജ്യസഭയിലെത്തേണ്ടത് ജോസ് കെ.മാണി തന്നെയോ?

0

പാലാ പാർട്ടിയുടെ അന്തരാഷ്ട്ര നേതാവായ ജോസ് കെ.മാണി രാജിവെച്ച ഒഴിവിലേക്ക് രാജ്യസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ജോസ് കെ മാണിയെത്തന്നെ മത്സരിപ്പിക്കാനാണ് ഇടത് പക്ഷ മുന്നണിയുടെ തീരുമാനം. നല്ല കാര്യം, പ്രശംസിക്കാതെ വയ്യ.. കാരണം ഇടത് പക്ഷത്തിൻ്റെ സ്വന്തം ശബ്ദം രാജ്യസഭയിൽ എത്തിക്കാനുള്ള അവസരം നഷ്ടമാക്കിയാണ് ജോസ്.കെ.മാണിക്ക് രാജ്യസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകുന്നത് ‘ ഇടത് പക്ഷത്തിൻ്റെ ഉറച്ച ശബ്ദം രാജ്യസഭയിൽ മുഴങ്ങി കേൾക്കേണ്ട വർത്തമാന കാലത്ത് ഈ തീരുമാനത്തെ എങ്ങിനെയാണ് ഇടത് പക്ഷ നേതാക്കൾ ന്യായീകരിക്കുക എന്ന് കാത്തിരുന്ന് തന്നെ കാണാം.

കേരളാ കോൺഗ്രസ് എന്ന രാഷ്ടീയ കക്ഷിയുടെ എക്കാലത്തെയും ഉറച്ച മണ്ഡലമായിരുന്ന പാലായിൽ നിന്നു പോലും ഒരു ഈർക്കിലി പാർട്ടി സ്ഥാനാർത്ഥിയോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ജോസ്.കെ.മാണിക്ക് രാജ്യസഭാ സീറ്റ് വെള്ളിത്തളികയിൽ വെച്ച് നൽകേണ്ട എന്ത് രാഷ്ടീയ സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് സ്വന്തം പാർട്ടിക്കാരെയെങ്കിലും ബോധ്യപ്പെടുത്താൻ സി പി എം എന്ന രാഷ്ട്രീയ കക്ഷിക്ക് ബാദ്ധ്യതയുണ്ട്. അദ്ദേഹത്തിൻ്റെ ഏത് രാഷ്ടീയ നിലപാടുകളും അല്ലെങ്കിൽ ജോസ് കെ.മാണിയുടെ ഏത് തരത്തിലുള്ള പാർലമെൻററി വൈദഗ്ധ്യവുമാണ് സീറ്റ് നൽകാനുള്ള ന്യായമായി സി പി എം ന് പറയാനുള്ളത്.

ഉത്തരം തേടുന്ന രാഷ്ടീയ സമസ്യകൾക്ക് ഈ തീരുമാനം ഒരു പരിഹാരവും മുന്നോട്ട് വെക്കുന്നില്ല. അടവ് നയം എന്ന വൃത്തികെട്ട രാഷ്ടീയ കൗശലം മാത്രമാണ് ഈ ജോസ് കെ. മാണിയുടെ രാജ്യസഭാ സീറ്റ് ദാനത്തിലൂടെ പുറത്ത് വരുന്നത്. എത്ര പ്രീണിപ്പിച്ചിട്ടും വരുതിയിൽ കൊണ്ടുവരാൻ കഴിയാത്ത മുസ്ലീം വോട്ടിന് പകരം മധ്യകേരളത്തിൽ സ്വാധീനമുള്ള ക്രിസ്ത്യൻ വോട്ടുകളെ ലക്ഷ്യമിട്ടാണ് ജോസ്.കെ.മാണിക്ക് ഈ രാജ്യസഭാ സീറ്റ് ദാനം ചെയ്തതെന്ന് പകൽ പോലെ വ്യക്തം. ഇന്ത്യൻ പാർലമെൻ്റിൽ അനുദിനം ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഇടത് പക്ഷത്തിന് ഒരു അംഗത്തെ കൂടി ലഭിക്കാനുള്ള അസുലഭമായ അവസരമാണ് ജോസ്.കെ.മാണിക്ക് സീറ്റ് നൽകുന്നതിലൂടെ നഷ്ടപ്പെട്ടു പോകുന്നത് ‘സി പി എം’ൻ്റെ മറ്റൊരു ചരിത്രപരമായ വിഡ്ഢിത്തം എന്ന് തന്നെയായിരിക്കും കേരള രാഷ്ടീയത്തിൽ ഈ തീരുമാനം നാളെ അടയാളപ്പെടുത്താൻ പോകുന്നത്.