തിരുവനന്തപുരം : ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമം പാസാക്കാൻ നിയമസഭയ്ക്ക് അധികാരമുണ്ടെന്നും അതുപോലെ ഗവര്‍ണര്‍ എന്ന നിലയില്‍ തൻ്റെ ഉത്തരവാദിത്തം നിറവേറ്റുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാല നിയമഭേദഗതി ബില്‍ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറയുകയായിരുന്നു ഗവർണർ.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിൻ്റെ ഭാര്യ പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ നിയമനം നൽകാനുള്ള തീരുമാനം പൊതുജനങ്ങൾ അറിഞ്ഞിട്ടും സർക്കാർ പ്രതിരോധം തീര്‍ക്കുകയാണെന്ന് ഡൽഹിയിൽനിന്നും തലസ്ഥാനത്ത് മടങ്ങിയെത്തിയ ഗവർണർ പറഞ്ഞു.
‘‘ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുമെന്നു പറയുമ്പോൾ, തന്നിൽ അർപ്പിതമായ ചുമതല ശരിയായി നിർവഹിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്. മറ്റുള്ള ഭരണഘടനാ സ്ഥാപനങ്ങളിൽ അതൃപ്തിയുണ്ടെന്നല്ല അതിൻ്റെ അർഥം. നിയമത്തിനു കീഴിലാണ് നമ്മളെല്ലാം ജീവിക്കുന്നത്. ഭരണഘടനയും നിയമവും അനുശാസിക്കുന്ന തരത്തിൽ തീരുമാനമെടുക്കും. എങ്ങനെ നടപടിയെടുക്കണമെന്ന് ആർക്കും നിർബന്ധിക്കാനാകില്ല. സർവകലാശാല നിയമനങ്ങൾ യുജിസി ചട്ടങ്ങൾ അനുസരിച്ചാകണം എന്നു സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.’’
വൈസ് ചാന്‍സലറെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ നിയമനം നടത്താന്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല. യുജിസി ചട്ടങ്ങള്‍ അനുസരിച്ച് റാങ്ക് പട്ടികയില്‍ താഴെയാണ് അവര്‍. യുജിസി ചട്ടങ്ങള്‍ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല. സര്‍വകലാശാലയുടെ സ്വയംഭരണവകാശം തകര്‍ത്ത് ഇഷ്ടക്കാരെ നിയമിക്കാന്‍ വൈസ് ചാന്‍സലറെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.