കൊച്ചി: മീഡിയ വണ്‍ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷപണ വിലക്ക് തടഞ്ഞ് കേരള ഹൈക്കോടതി. രണ്ട് ദിവസത്തേക്കാണ് കേന്ദ്ര നടപടി കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് എന്‍ നഗരേഷാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. വിലക്ക് തുടരുന്നതില്‍ ശക്തമായ വാദങ്ങളായിരുന്നു കേന്ദ്ര സർക്കാർ കോടതിയില്‍ വാദിച്ചത്. രാജ്യസുരക്ഷ മുന്‍ നിർത്തിയാണ് ചാനലിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അതിനാല്‍ തന്നെ വിഷയത്തില്‍ ഹൈക്കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കിയത്. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു.
എന്നാല്‍ ഇത് പരിഗണിക്കാതെ കേന്ദ്ര നടപടിക്ക് രണ്ട് ദിവസത്തെ സ്റ്റേ കോടതി പുറപ്പെടുവിക്കുകയായിരുന്നു. കേന്ദ്ര വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിനുള്‍പ്പടെ മീഡിയവണ്ണിന്റെ ഹർജി പരിഗണിച്ച കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. ഹൈക്കോടതി വിധി വന്നതോടെ മിഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം ഉടന്‍ ആരംഭിക്കുമെന്നും ചില സാങ്കേതിക തടസ്സങ്ങള്‍ മാത്രമാണ് മുന്നിലുള്ളതെന്നുമായിരുന്നു ഹൈക്കോടതി വിധി വന്നതിന് പിന്നാലെ മീഡിയ വണ്‍ ചാനല്‍ എഡിറ്റർ പ്രമോദി രാമന്‍ വ്യക്തമാക്കിയത്
ഇന്ന് ഉച്ചയോടെയാണ് മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം തടഞ്ഞത്. സുരക്ഷ കാരണങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു മീഡിയ വണ്‍ ചാനലിനെതിരായ നീക്കം. ഇതിനെ നിയമപരമായി നേരിടുമെന്ന് മീഡിയ വണ്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ‘മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂർണ നടപടികൾക്ക് ശേഷം മീഡിയവൺ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും.’- എന്നായിരുന്നു കേന്ദ്രത്തിന്റെ വിലക്ക് വ്യക്തമാക്കിക്കൊണ്ട് ചാനല്‍ എഡിറ്റർ നേരത്തെ ഔദ്യോഗികമായി അറിയിച്ചത്
നേരത്തേയും ചാനലിന് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2020 ലെ ദില്ലി കലാപ സമയത്തെ റിപ്പോർട്ടിങ്ങിന്റെ പേരിലായിരുന്നു ഏഷ്യാനെറ്റിനൊപ്പം മീഡിയവണ്‍ ചാനലിനും കേന്ദ്രം താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. കലാപം റിപ്പോർട്ട് ചെയ്തതില്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് വിലയിരുത്തിയായിരുന്നു ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അന്ന് 48 മണിക്കൂർ വിലക്കേർപ്പെടുത്തിയത്.