രണ്ടു ദിവസമായി നമ്മുടെ നവ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് രണ്ടു ചെറുപ്പക്കാരും മോട്ടോർ വാഹന വകുപ്പുമാണ്. ‘ഈ രണ്ട് വിഭാഗത്തിനും അനുകൂലമായും പ്രതികൂലമായും വാദമുഖങ്ങളുമായി അനേകം പേർ രംഗത്തെത്തിയിട്ടുണ്ട്.
ഇരിട്ടി സ്വദേശികളായ ബ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരാണ് ഈ രണ്ട് ചെറുപ്പക്കാർ. സ്വന്തമായി ഒരു ടെമ്പോ ട്രാവല്ലർ വണ്ടിയുള്ള ഇവർ മോട്ടോർ വാഹന ചട്ടങ്ങൾ പരസ്യമായി ലംഘിച്ചു കൊണ്ട് നിയമ വിധേയമല്ലാതെ, തന്നിഷ്ട പ്രകാരം വാഹനത്തിന് രൂപമാറ്റം വരുത്തി ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ട് നാടുനീളെ രഥയാത്ര നടത്തുകയായിരുന്നു.
ഇ ബുൾ ജെറ്റ് എന്ന വിശേഷണത്തോടെ, ലോകം കീഴടക്കിയ ചക്രവർത്തിയുടെ നാമധേയവുമായി ഈ വാഹനം മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് ജൈത്രയാത്ര തുടരുകയായിരുന്നു. ഈ ചെറുപ്പക്കാർക്ക് രാജ്യം പ്രത്യേകമായ സവിശേഷ അധികാരങ്ങളൊന്നും തന്നെ കല്പിച്ച് നൽകിയിരുന്നില്ല. തങ്ങളെ യുട്യൂബിൽ ലക്ഷങ്ങൾ പിൻതുടരുന്നു എന്നതായിരുന്നു ഈ പ്രത്യക്ഷ നിയമ ലംഘനത്തിന് ഇവർക്കുള്ള ന്യായീകരണം.
ഒടുവിൽ മോട്ടോർ വാഹന വകുപ്പ് ഈ വാഹനം പിടിച്ചെടുക്കുകയും നിയമലംഘനത്തിന് പിഴ അടക്കാൻ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് ഇത് മാദ്ധ്യമ ചർച്ചകളുടെ വിഷയമായി തീർന്നത്. പോലീസ് സ്റ്റേഷനിൽ വെച്ച് അരങ്ങേറിയ ഇവരുടെ നാടകവും സംസ്ഥാനമാകമാനം കത്താൻ പോകുകയാണെന്ന ഇവരുടെ വെല്ലുവിളിയും നിയമവാഴ്ചയെ പ്രത്യക്ഷമായി അധിക്ഷേപിക്കുന്നതായിരുന്നു. ഒടുവിൽ പോലീസിൻ്റെയും നിയമത്തിൻ്റെയും വലയിലായപ്പോൾ യാതൊരു ഉളുപ്പുമില്ലാതെ പൊട്ടിക്കരഞ്ഞതും യു ട്യൂബ് പിന്തുണക്കാർ ശരിക്കും ആസ്വദിച്ചിട്ടുണ്ടായിരിക്കും.
ലക്ഷക്കണക്കിന് ആരാധകരുണ്ടെന്നത് നിയമലംഘനത്തിനുള്ള മൗനാനുവാദമല്ല. സ്വന്തം ‘വാഹനത്തിന് ലോകത്തെ വിറപ്പിച്ച ചക്രവർത്തിയുടെ പേരിട്ടത് കൊണ്ട് മാത്രം ആരും നിയമങ്ങൾക്ക് അതീതരുമാകുന്നില്ല. ആംബുലൻസിൻ്റെ സൈറൺ ഘടിപ്പിച്ചത് കൊണ്ട് മാത്രം ഒരു വാഹനത്തിനും പ്രത്യേക ഇളവുകൾക്ക് അർഹതയുമില്ല.
ഇവിടെ പ്രശ്നം അഹങ്കാരത്തിൻ്റേത് മാത്രമാണ്. നിയമ ലംഘനം നടത്തി വീരപുരുഷന്മാരാണെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കിൽ അവർ മൂഢൻമാരുടെ സ്വർഗ്ഗത്തിൽ തന്നെയാണ്. ഇതിനർത്ഥം എല്ലാ അപരിഷ്കൃത നിയമങ്ങളും കണ്ണടച്ച് അനുസരിക്കണമെന്നില്ല. നെല്ലും പതിരും വേർതിരിച്ചെടുക്കാനുള്ള വിവേകമുണ്ടായിരിക്കണം. ദളിതന്മാരുടെയും ആദിവാസികളുടെയും കർഷകരുടെയും പോരാട്ടങ്ങൾ കാണാതെ മുഖം തിരിച്ചു നടക്കുന്നവരാണ് ഈ നിയമ ലംഘകർക്ക് വേണ്ടി രംഗത്ത് വരുന്നത് എന്നതാണ് കൗതുകകരമായ കാര്യം.
അല്ലെങ്കിലും നാം കേരളീയർ അങ്ങിനെയാണ്. ചെങ്ങറ സമരത്തെ കാണാതിരിക്കുകയും ചുംബന സമരത്തിൽ കോരിത്തരിക്കുകയും ചെയ്യുന്ന യുവതയുടെ പ്രതിനിധികൾ തന്നെയാണ് ഈ രണ്ട് യുവാക്കൾ ‘ ഇവർക്ക് പിന്തുണയുമായി എത്തുന്നവരും അതേ തൂവൽ പക്ഷികൾ തന്നെയാണ്. അടിസ്ഥാനപരമായ കാരണം മറ്റൊന്നുമല്ല, വിദ്യാർത്ഥികൾക്കും യുവാക്കൾക്കിടയിലുമുള്ള അരാജകത്വവും അരാഷ്ടീയ ബോധവും തന്നെയാണ്.
കൈയ്യിൽ ഒരു മൊബെൽ ഫോണും ഒരു വാഹനവും സ്വന്തമായാൽ ലോകം കാൽക്കീഴിലാണെന്നും സ്വയം നെപ്പോളിയന്മാരുമാണെന്ന അമിത വിശ്വാസമാണ് നിയമ വാഴ്ചയോടുള്ള വെല്ലുവിളിയുടെ ആധാരശില. ഇവർക്ക് പിന്തുണയുമായി വന്നെത്തുന്നവർ മനസ്സിലാക്കേണ്ട ലളിതമായ ഒരു കാര്യം അവർ കൂടി നിയമ ലംഘകരാകുകയും സ്വയം ശിക്ഷ ക്ഷണിച്ചു വാങ്ങുന്നവരുമാണെന്ന യാഥാർത്ഥ്യം തന്നെയാണ്. സഹതപിക്കുക മാത്രമേ നിവൃത്തിയുള്ളൂ. കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും അഭിനന്ദനങ്ങൾ അർഹിക്കുന്നു.