കോവിഡ് പ്രതിരോധത്തിന് ബഹ്‌റൈൻ സർക്കാരിനെ പിന്തുണച്ച് മലയാളി വ്യവസായി; ഹോട്ടലും കെട്ടിടങ്ങളും ചികിത്സയ്ക്കായി വിട്ടുനൽകി

0

മനാമ ∙ ബഹ്റൈൻ സർക്കാരിന്റെ കോവിഡ് വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തമായ പിന്തുണയേകി അൽനമൽ, വികെഎൽ ഗ്രൂപ്പ് ഹോട്ടലുകളും കെട്ടിടങ്ങളും ചികിത്സാ സൗകര്യാർഥം വിട്ടുനൽകി. ഹിദ്ദിൽ പുതുതായി നിർമിച്ച എട്ടു കെട്ടിട സമുച്ചയങ്ങളും ജുഫൈറിലെ നക്ഷത്ര ഹോട്ടലുമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകിയതെന്ന് ചെയർമാൻ വർഗീസ് കുര്യൻ അറിയിച്ചു.

ഹിദ്ദിലെ എട്ടുകെട്ടിടങ്ങളിൽ 253 മുറികളാണുള്ളത്. ജുഫൈറിൽ പാർക്ക് റെജീസ് ലോട്ടസ് ഹോട്ടലിൽ 164 മുറികളുമുണ്ട്. ഫെബ്രുവരിയിൽ തന്നെ ഇവ സൗജന്യമായി ക്വാറന്റീൻ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകിയെന്നും കോവിഡിനെ അതിജീവിക്കുന്നതു വരെ ഇതു തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ ആരോഗ്യവകുപ്പുമായി ചേർന്ന് പാർക് റെജീസ് ഹോട്ടൽ താൽക്കാലിക ആശുപത്രിയായി മാറ്റിയിരിക്കുകയാണ്. മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ഇവിടെ പ്രവർത്തനങ്ങൾ നടത്തുന്നത്. അതുപോലെതന്നെ, പ്രവാസി മലയാളികളെ സഹായിക്കാൻ നോർക്ക ആരംഭിച്ച ഹെൽപ് ഡസ്കിന്റെ പ്രവർത്തനങ്ങൾക്ക് സാധ്യമായ സഹായങ്ങൾ തുടർന്നും നൽകുമെന്നും വർഗീസ് കുര്യൻ പറഞ്ഞു.