കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് മത നേതാക്കളിൽ നിന്നുള്ള അറിയിപ്പ് ഇത് തന്നെയാണ്. കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ഇപ്പോൾ ക്രിസ്ത്യൻ സഭാ ആസ്ഥാനങ്ങളിലേക്കും ഇസ്ലാം മത നേതാക്കളുടെ ആസ്ഥാനങ്ങളിലേക്കും സന്ദർശനത്തിനുള്ള തിരക്കിലാണ്. പാലാ ബിഷപ്പ് നടത്തിയ ഒരു പ്രസ്താവനയ്ക്ക് ശേഷം കേരളത്തിലെ സാമൂഹ്യ മണ്ഡലങ്ങളിലുണ്ടായ അകൽച്ചയുടെ അസ്വസ്ഥതകളാണ് രാഷ്ട്രീയ നേതാക്കളെ ഈ സ്ഥിതിയിൽ എത്തിച്ചിട്ടുള്ളത്.
കുറുക്കൻ്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിൽ തന്നെയാണ്. അത് പോലെ കേരളത്തിലെ രാഷ്ടീയ നേതാക്കൾ എപ്പോഴും വോട്ട് ബാങ്കുകളിൽ തന്നെ കണ്ണ് നട്ടു കൊണ്ടാണിക്കുന്നത്.’ ഇവിടെ പ്രശ്നം പ്രീണനവും അത് വഴി വോട്ട് ബാങ്ക് സംരക്ഷിക്കുക എന്ന സങ്കുചിത താല്പര്യവും തന്നെയാണ്. സാധാരണക്കാരായ ജനങൾക്ക് അനുഭവപ്പെടുന്ന പൊതുവായ പ്രശ്നങ്ങൾ ഉയർന്നു വരുമ്പോൾ കാണിക്കാത്ത താല്പര്യം മത നേതാക്കളെ സുഖിപ്പിക്കാൻ കാണിക്കുന്ന അത്യുത്സാഹം അതിശയകരമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്.
ആദ്ധ്യാത്മിക നേതാക്കൾ അവരുടെ കർത്തവ്യങ്ങളാണ് ചെയ്യേണ്ടത്. രാഷ്ട്രീയ കാര്യങ്ങൾ തീരുമാനിക്കേണ്ടത് വൈദികരും മൗലവിമാരും സന്യാസിമാരുമല്ലെന്ന് ഇനിയെന്നാണ് കേരള രാഷ്ട്രീയം തിരിച്ചറിയുന്നത്? രാഷ്ടീയ നേതൃത്വത്തിന് ധീരതയുണ്ടായിരിക്കണം. കേരളം ആർജ്ജിച്ച നവോത്ഥാന മൂല്യങ്ങൾ നഷ്ടപ്പെടാൻ ഇടയാകരുത്.
മതമേലധ്യക്ഷന്മാർക്ക് എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം ഒരു ജനാധിപത്യ സമൂഹത്തിനും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല. മതമേലധ്യക്ഷന്മാരുടെ തിണ്ണ നിരങ്ങേണ്ടവരല്ല പ്രബുദ്ധമായ രാഷ്ട്രീയ നേതൃത്വം. അത് കൊണ്ട് തന്നെ മതമേലധ്യക്ഷന്മാരുടെ അനുമതിക്കായുള്ള ക്യൂവിൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കാൾ കാത്തിരിക്കേണ്ട ആവശ്യമില്ല.