കനത്ത മഴയില്‍ എം.സി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പരമാവധി യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. തിരുവല്ല-എറണാകുളം ഭാഗത്തേക്കുള്ള എം.സി റോഡില്‍ ഗതാഗതം നിരോധിച്ചു. എറണാകുളം റോഡ്സ് ഡിവിഷനിലെ മിക്ക റോഡുകളും വെള്ളത്തിനടയിലാണ്. എറണാകുളം തൃശൂര്‍ ദേശീയ പാതവഴി വാഹന ഗതാഗതം ഭാഗികമായി മാത്രമാണ് നടക്കുന്നത്.
എറണാകുളത്തുനിന്നും പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട് , തൃപ്രയാര്‍ ഭാഗത്തുനിന്നുമുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നഗരത്തിലേക്കു കടക്കുന്ന യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്. പാലക്കാട്-തൃശൂര്‍ ദേശീയ പാതയില്‍ കുതിരാനില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്നു പൂര്‍ണ്ണമായും ഗതാഗതം നിരോധിച്ചു. മുരിങ്ങൂര്‍ ഡിവൈന്‍ ഭാഗത്ത് ദേശീയ പാത ഭാഗികമായി മുങ്ങി. ഗതാഗതം ചിലപ്പോള്‍ പൂര്‍ണമായി സ്തംഭിച്ചേക്കാം. പാലക്കാട്ടേക്ക് ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍ വഴിയും പോകാനാകില്ല. ഷൊര്‍ണൂര്‍ വഴി പലയിടങ്ങളിലും വെള്ളം കയറി കിടക്കുന്നതിനാല്‍ ഗതാഗതം സ്തംഭിച്ചു. കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടിലിറങ്ങിയ വിദേശ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ സാധിക്കുന്നില്ല.
കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ കേരളത്തിലേക്കുള്ള എല്ലാ ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചു. ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ആളുകളാണ് വഴിയിലും റെയില്‍വേ സ്റ്റേഷനിലും കുടുങ്ങി കിടക്കുന്നത്. പല സ്ഥലത്തും ബസ്സോ മറ്റ് വാഹനങ്ങളോ ഇല്ലാത്തത് സ്ഥിതിഗതികള്‍ രൂക്ഷമാക്കി. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ തടസ്സപ്പെടാനോ വൈകാനോ സാധ്യതയുണ്ട്. കൊച്ചി മെട്രോ സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്.