ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്കുള്ള സഹായം തുടരുന്നു. നാല് കണ്ടയിനറുകള്‍ അടക്കം 24 ട്രക്ക് ലോഡ് അവശ്യ വസ്തുക്കളാണ് കേരള സമാജത്തിന്റെ നേതൃത്വത്തില്‍ വയനാട്,പാലക്കാട്, തൃശൂര്‍,എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട , ഇടുക്കി ജില്ലകളിലെ വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് എത്തിച്ചു വിതരണം ചെയ്തത് . ഒരു കോടിയില്‍ അധികം വില വരുന്ന അവശ്യ സാധങ്ങളാണ് ഇതിനോടകം നാട്ടിലെത്തിച്ചത്.
കേരള സമാജത്തിന്റെ യും കെ എന്‍ ഇ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ ഇരുപതു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ , ജനറല്‍ സെക്രട്ടറി റജി കുമാര്‍ , കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി എച്ച് പത്മനാഭന്‍, സെക്രട്ടറി സി ഗോപിനാഥന്‍ എന്നിവര്‍ അറിയിച്ചു .
കേരള സമാജത്തിന്‍റെ സോണുകള്‍ , മറ്റ് മലയാളി സംഘടനകള്‍ റസിഡനര്‍ഷ്യല്‍ അസോസിയേഷനുകള്‍ , ഫ്ലാറ്റുകള്‍, വിദ്യാഭ്യസ സ്ഥാപനങ്ങള്‍, ഐ ടി സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സുമനസ്സുകളുടെ സഹായത്തോടെ ഒരു കോടിയിലധികം വിലവരുന്ന അവശ്യസാധനങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് സ്വരൂപിച്ചത്.
കേരള സമാജത്തിന്‍റെ ഇരുപത്തിയഞ്ചാമത്തെ വാഹനം ഇന്ദിരാനഗര്‍ കെ എന്‍ ഇ ട്രസ്റ്റ് ക്യാമ്പസില്‍ നിന്ന് വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് പുറപ്പെടും. പി സി മോഹന്‍ എം പി വാഹനം ഫ്ലാഗ് ഓഫ് ചെയ്യും.