നിയമസഭയിലെ കയ്യാങ്കളിയുടെ പശ്ചാത്തലത്തിൽ കക്ഷിനേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ. നാളെ രാവിലെ എട്ട് മണിക്കാണ് യോഗം. ഇന്നത്തെ കയ്യാങ്കളിയുടെ പശ്ചാത്തലത്തിൽ സ്‌പീക്കറും നിയമസഭാ സെക്രട്ടറിയും നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് കക്ഷിനേതാക്കളുടെ യോഗം വിളിക്കാൻ തീരുമാനമാകുന്നത്. നിയമസഭയിൽ ഇന്ന് നടന്ന സംഘർഷവും കയ്യാങ്കളിയും അസ്വാഭാവികമെന്നാണ് വിലയിരുത്തൽ. ഇതിനൊരു പരിഹാരം കണ്ടെത്താനാണ് യോഗം. യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്ന സൂചനകളാണ് വരുന്നത്.
നിരന്തരം പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ ആവശ്യങ്ങളെ സ്‌പീക്കർ തള്ളുന്ന സാഹചര്യത്തിൽ നാളേറെ യോഗം നിർണായകമാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ സ്‌പീക്കർ ഹനിക്കുന്നു എന്ന ആരോപണവുമുണ്ട്. ഇന്ന് ഉണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് മർദിച്ചു എന്ന ആരോപണം കൂടി പ്രതിപക്ഷം മുന്നോട്ട് വെക്കുന്നുണ്ട്.
നാളെ രാവിലെ ഒൻപത് മണിക്കാണ് സഭ ചേരുന്നത്. അതിന് മുന്നോടിയായാണ് യോഗം വിളിച്ചിട്ടുള്ളത്. നാളെ സഭ ചേരുമ്പോൾ എങ്ങനെയാണ് പെരുമാറേണ്ടത് തുടങ്ങിയ കാര്യങ്ങൾ കക്ഷി നേതാക്കളുടെ യോഗത്തിൽ വ്യക്തമാകും. അനുനയ നീക്കങ്ങൾ നിലയിലാണ് കക്ഷി നേതാക്കളുടെ യോഗം സ്‌പീക്കർ വിളിച്ചത്.