സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ശിരസ്സുയർത്തി അഭിമാനമായി മാറിയത് നവാഗതർ. സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി സംസാരിച്ച ‘ തിങ്കളാഴ്ച നിശ്ചയം’ വസ്ത്രാലങ്കാരത്തിന് പ്രത്യേക ജൂറി പരാമർശം നേടിയ നളിനി ജമീല എന്നിവയെല്ലാം മാറ്റത്തിൻ്റെ സ്വരവും സ്വഭാവവും പ്രകടമാക്കുന്നത് തന്നെയാണ്. “ഭാരതപ്പുഴ “യിലെ വസ്ത്രാലങ്കാരമാണ് നളിനി ജമീലയുടെ പ്രത്യേക പരാമർശത്തിന് കാരണമായിത്തീർന്നത്. അനുഭവങ്ങളിൽ നിന്ന് ആവാഹിച്ചെടുത്ത അറിവുകൾ തന്നെയാണ് സുഗന്ധിയുടെ ചമയത്തിൻ്റെ സാക്ഷാത്ത്കാരത്തിന് സഹായകമായിത്തീർന്നതെന്ന് നളിനി ജമീല ഓർക്കുന്നത് സ്ത്രീ ശക്തിയുടെ വിജയമായി പരിഗണിക്കപ്പെടേണ്ടതുണ്ട്. പരിഗണിച്ചത് താരങ്ങളെയല്ല, കഥാപാത്രങ്ങളെയും അവയുടെ പ്രസക്തിയുമാണെന്ന ജൂറി ചെയർപേഴ്സൺ സുഹാസിനിയുടെ അഭിപ്രായം മാനിക്കേണ്ടത് തന്നെയാണ്.
വെള്ളം എന്ന സിനിമയിലെ മുരളിയെന്ന കഥാപാത്രത്തെ വേഷപ്പകർച്ചയിലൂടെ അവിസ്മരണീയമാക്കി മാറ്റിയ ജയസൂര്യ സുഹാസിനിയുടെ അഭിപ്രായത്തെ നൂറ് ശതമാനം ശരിവെക്കുന്നതായിരുന്നു”
അന്ന ബെൻ എന്ന നടിയുടെ “കപ്പേള ” എന്ന സിനിമയിലെ ജെസ്സി എന്ന കഥാപാത്രവും ഇതിൻ്റെ വ്യക്തമായ ദൃഷ്ടാന്തം തന്നെയാണ്. മലയാള സിനിമയ്ക്ക് മാറ്റത്തിൻ്റെ നിറവും ശബ്ദവും നൽകിയ “ഗ്രേറ്റ് ഇന്ത്യൻ കി ച്ചൺ ” മികച്ച സിനിമയായി മാറുമ്പോഴും അവാർഡ് നിർണയത്തിലെ മാറ്റത്തിൻ്റെ സൂചകങ്ങൾ പ്രകടമാകുകയായിരുന്നു.
കുലപതികൾക്ക് അരങ്ങ് വാഴാനുള്ള ഇടമല്ല മലയാള സിനിമ എന്നതും പുതുമയും മികവും കാണാതിരിക്കാൻ കഴിയില്ല എന്ന വ്യക്തമായ സന്ദേശം നൽകുന്നതുമാണ് ഈ വർഷത്തെ ചലച്ചിത്ര പുരസ്കാരങ്ങൾ എന്ന് തീർച്ചയായും മലയാള സിനിമാ പ്രേമികൾക്ക് അഭിമാനിക്കാൻ വക നൽകുന്നത് തന്നെയാണ് ഈ പുരസ്കാരങ്ങൾ അടയാളപ്പെടുത്തുന്നത്. മാറ്റത്തിൻ്റെ ഇളം കാറ്റ് ചലനങ്ങൾ സൃഷ്ടിക്കുന്ന മലയാള സിനിമയിൽ ഇനിയും പ്രതീക്ഷിക്കാൻ ഏറെയുണ്ടെന്ന് തന്നെ വ്യക്തം.