സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും

0

50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ടിന് മന്ത്രി എ.കെ. ബാലനാണ് പുരസ്കാരം പ്രഖ്യാപിക്കുക. . ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയർമാൻ. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ.

സാധാരണ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കാറുള്ള പുരസ്കാര പ്രഖ്യാപനം കോവിഡിന്റെ പശ്ചാത്തലത്തിലാണ് നീണ്ടു പോയത്. 119 ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. കോവിഡ് കാരണം തിയറ്ററുകളിലെത്താത്ത ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണച്ചവയില്‍ ഏറെയും. മധു നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്, മനു അശോകന്റെ ഉയരെ, ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹൻദാസിന്റെ മൂത്തോൻ, സജിൻ ബാബുവിന്റെ ബിരിയാണി, ടികെ രാജീവ് കുമാറിന്റെ കോളാമ്പി, മനോജ് കാന ഒരുക്കിയ കെഞ്ചിര, പി. ആർ അരുണിന്റെ രംപുന്തനവരുതി, ഖാലിദ് റഹ്മാന്റെ ഉണ്ട, പ്രിയദർശന്റെ മരക്കാർ അടക്കമുള്ള ചിത്രങ്ങളാണ് മികച്ച ചിത്രങ്ങൾക്കായുള്ള മത്സരത്തിൽ മുന്നിലുള്ളത്.

നിവിൻ പോളി( മൂത്തോൻ), സുരാജ് വെഞ്ഞാറമ്മൂട് (ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ, വികൃതി. ഡ്രൈവിങ്ങ് ലൈസൻസ്, ), മമ്മൂട്ടി (ഉണ്ട, മാമാങ്കം), മോഹൻലാൽ (മരക്കാർ, ലൂസിഫർ) ആസിഫ് അലി( കെട്ട്യോളാണെന്റെ മാലാഖ, വൈറസ്), ഷെയ്ൻ നി​ഗം (കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക്) എന്നിവരുടെ പേരുകളാണ് മികച്ച നടനുള്ള വിഭാ​ഗത്തിൽ ഉയർന്നു കേൾക്കുന്നത്. മികച്ച നടിയാകാന്‍ മഞ്ജു വാരിയർ, പാ‍ർവതി,രജീഷ വിജയൻ,അന്ന ബെൻ, തുടങ്ങി അർഹത തെളിയിച്ച ഒട്ടേറെ പേർ രംഗത്തുണ്ട്.