
എറണാകുളം തിരുവാണിയൂരിൽ സി.ബി.എസ്.ഇ. സ്കൂളിൽ വച്ച് വിദ്യാർത്ഥി ക്രൂരമായ പീഡനങ്ങൾക്ക് വിധേയമായതിനെ തുടർന്ന് ജീവനൊടുക്കിയെന്ന അമ്മയുടെ പരാതി ശ്രദ്ധയിൽപ്പെട്ടു. സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്. പോലീസ് ഇക്കാര്യത്തിൽ അടിയന്തര നിയമനടപടികൾ കൈക്കൊള്ളും. മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഓരോ സ്കൂളും സംസ്ഥാന സർക്കാരിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. അവിടങ്ങളിൽ പഠിക്കുന്ന എല്ലാ കുട്ടികളും കേരളത്തിന്റെ മക്കളാണ്. സംസ്ഥാനത്തെ ഏതെങ്കിലും സ്കൂളിൽ (ഏത് സ്ട്രീമിൽപ്പെട്ട സ്കൂൾ ആണെങ്കിലും) സമൂഹനന്മയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്താനും തടയാനും സ്ഥാപനത്തിനെതിരെയടക്കം ശക്തമായ നടപടിയെടുക്കാനും നിയമഭേദഗതി ആവശ്യമെങ്കിൽ അക്കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചിയിലെ ഗ്ലോബൽ പബ്ലിക് സ്കൂളിൽ ക്രൂരമായ റാഗിങ്ങിന് ഇരയായതിന് പിന്നാലെയാണ് മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്തതെന്നാണ് അമ്മയുടെ പരാതി. മിഹിർ തൃപ്പുണിത്തുറയിലെ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്കൂളിൽ സഹപാഠികൾ നിറത്തിന്റെ പേരിൽ പരിഹസിക്കുകയും ടോയ്ലറ്റ് നക്കിച്ചുവെന്നും ക്ലോസറ്റിൽ മുഖം പൂഴത്തിവെച്ച് ഫ്ലഷ് അടിച്ചുവെന്നും മാതാവ് പറയുന്നു. സ്‌കൂളിലെ ഒരു സംഘം വിദ്യാർഥികൾ മിഹിറിനെ ക്രൂര റാഗിങ്ങിനിരയാക്കിയെന്നാണ് അമ്മയുടെ പരാതി. മിഹിറിന്റെ മരണം വരെ ക്രിമിനൽ മനസ്സുള്ള വിദ്യാർഥിക്കൂട്ടം ആഘോഷമാക്കിയെന്ന് പരാതിയിലുണ്ട്. കുട്ടി ജീവനൊടുക്കിയതിനെ കുറിച്ച് അധിക്ഷേപകരമായ ഭാഷയിൽ സംസാരിക്കുന്ന ചാറ്റിന്റെ സക്രീൻഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.