കൊവിഡ് 19: സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് ഇന്ന് ആരംഭിക്കും

0

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ വേഗത്തില്‍ കണ്ടെത്തുന്നതിനായുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. കൊവി‍ഡ് ബാധിച്ച് രോഗി മരിച്ചതിന് പിന്നാലെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച പോത്തൻകോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുളള ആദ്യ പരിശോധന. സംസ്ഥാനത്ത് റാപ്പിഡ് റെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

ആയിരം കിറ്റുകളാണ് ആദ്യഘട്ടത്തില്‍ എത്തിയിരിക്കുന്നത്. റാപിഡ് കിറ്റ് ഉപയോഗിക്കുന്നതിലൂടെ കൊവിഡ് പരിശോധനാഫലം അതിവേഗം ലഭ്യമാകും. രണ്ടര മണിക്കൂര്‍ മാത്രമാണ് ടെസ്റ്റ് റിസള്‍ട്ടിനുള്ള സമയം. പോത്തന്‍കോട് രോഗിയുമായി അടുത്തിടപഴകിയവരുടെ ഉള്‍പ്പെടെ കൂടുതല്‍ പേരുടെ ഫലം ഇന്ന് ലഭിക്കും.

ശശി തരൂര്‍ എം.പിയുടെ ഫണ്ടില്‍നിന്ന് 57 ലക്ഷം രൂപ ചെലവഴിച്ചാണ് കിറ്റുകള്‍ സംസ്ഥാനത്തേക്കെത്തിച്ചത്. ബാക്കി രണ്ടായിരം കിറ്റുകള്‍ തിങ്കളാഴ്ച എത്തും. ഐ.സി.എം.ആര്‍ അംഗീകാരമുള്ള പൂനെയിലെ മൈലാബാണ് കിറ്റുകള്‍ തയ്യാറാക്കിയത്. കിറ്റുകളെത്തിച്ച എംപിയെ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പേരെടുത്ത് അഭിനന്ദിച്ചിരുന്നു.

നിലവില്‍ ആറും ഏഴും മണിക്കൂര്‍ വരെയാണ് പിരശോധനാ ഫലം വരുന്നതിനായി കാത്തിരിക്കേണ്ടിവരുന്നത്. ഫലം വേഗത്തില്‍ ലഭ്യമാകുന്നതോടെ സമൂഹവ്യാപനമടക്കമുള്ളവ കണ്ടെത്താനാവും. അതേസമയം ശ്രീചിത്ര ഇൻസ്റ്റിറ്റിയൂട്ട് വികസിപ്പിക്കുന്ന റാപ്പിഡ് റെസ്റ്റ് കിറ്റ് പരീക്ഷണത്തിനായി 4 രോഗികളിൽ നിന്നും സാമ്പിൾ എടുക്കാൻ സർക്കാർ അനുമതി നല്‍കി. കോവിഡ് 19 രോഗം ഭേദമായ 4 രോഗികളിൽ നിന്നുള്ള പ്ലാസ്മ ആണ് ശേഖരിക്കുക. 3 നിബന്ധനകളോടെ ആണ് അനുമതി നൽകിയിരിക്കുന്നത്.