വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഫീസ് ഇളവ്: മന്ത്രി മുഹമ്മദ് റിയാസ്

0

തിരുവനന്തപുരം : സംസ്‌ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 50 ശതമാനം ഫീസ് ഇളവ് നൽകാനൊരുങ്ങി വിനോദ സഞ്ചാര വകുപ്പ്. മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഈ വിവരം അറിയിച്ചത്.വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് മുതിര്‍ന്നപൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമെല്ലാം നേരത്തെ തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരള നിയമസഭയുടെ കീഴിലുള്ള മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുൻപിൽ കോഴിക്കോട് ഹ്യൂമൺ റൈറ്റ്സ് ഫോറം സമർപ്പിച്ച ഹർജിയിലും ഇത്തരമൊരു ആവശ്യം ഉന്നയിക്കപ്പെട്ടു.

വിനോദസഞ്ചാര വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി. നിയമസഭാ സമിതിയുടെ മുന്‍പാകെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ പരിശോധനകള്‍ക്ക് ശേഷം മുതിർന്ന പൗരന്മാർക്ക് വകുപ്പിൻ്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 50 ശതമാനം പ്രവേശന ഫീസ് ഇളവ് നൽകണമെന്ന് വകുപ്പ് തീരുമാനിക്കുകയായിരുന്നു.