മുല്ലപ്പെരിയാറിലെ ജലം 138 അടിയില്‍ നിലനിര്‍ത്താം: സമ്മതം നൽകി തമിഴ്‌നാട്

0

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയില്‍ നിലനിര്‍ത്തുന്നതിന് തമിഴ്‌നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഡാമിലെ വെള്ളം 138 അടിയെത്തിയാല്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കിവിടാം എന്ന് ഇന്ന് നടന്ന ഉന്നതതല സമിതി യോഗത്തില്‍ തമിഴ്‌നാട് സമ്മതിച്ചതായി മന്ത്രി പറഞ്ഞു. ഇന്ന് ചേര്‍ന്ന ഉന്നതതല സമിതി യോഗം സംബന്ധിച്ച് വിശദീകരിക്കുന്നതിന് നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തെക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോള്‍. കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച് ജലം ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക.

ഇപ്പോൾ ഇടുക്കി അണക്കെട്ടിലേക്ക് കൂടുതൽ ജലം സംഭരിക്കാൻ കഴിയാത്ത ഒരു സാഹചര്യം നിലനിൽക്കുന്നതിനാൽ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്‌നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു.