കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കത്തിൽ സുപ്രധാനമായ ഒരു ദിവസമാണ് നാളെ. വെള്ളം ഇനിയും ഇറങ്ങി തുടങ്ങിയിട്ടില്ല, മൂന്നു ദിവസമായി ഔദ്യോഗിക സംവിധാനങ്ങളിൽ ഉള്ളവർ പകലും രാത്രിയും വിശ്രമമില്ലാതെ ജോലിയെടുക്കുകയാണ്. നേവിയും എയർ ഫോഴ്സും ദുരന്ത നിവാരണ സേനയും ഒക്കെ കൂടുതൽ വിഭവങ്ങൾ എത്തിച്ചുവെങ്കിലും സ്ഥിതി ഇപ്പോഴും നിയന്ത്രണത്തിൽ ആയിട്ടില്ല. രണ്ടാമത്തെ രാത്രി ആയിട്ടും രക്ഷപ്പെടുത്താത്തവരും, ഒരിക്കെ രക്ഷാകാമ്പിലേക്ക് മാറിയിയതിന് ശേഷം വീണ്ടും മാറേണ്ടി വരുന്നവർക്കും ഒക്കെ പരിഭ്രാന്തി കൂടുകയാണ്. ആർമിയെ വിളിക്കണം എന്ന ആവശ്യം ഉയരുന്നു. ദുരന്തനിവാരണത്തിൽ സമൂഹത്തിൽ ഉണ്ടായിരുന്ന ഒത്തൊരുമ കുറയുന്നു, വീടുകളിലും കടകളിലും ഒക്കെ സാധനങ്ങൾ കുറയുന്നു, അല്ലെങ്കിൽ തീരുന്നു, കക്കൂസുകൾ നിറഞ്ഞു കവിയുന്നു അല്ലെങ്കിൽ കക്കൂസുകൾ ഇല്ലാത്ത അവസ്ഥ, കറണ്ട് പോകുന്നു, മൊബൈലിൽ ചാർജ്ജ് തീരുന്നു, വെള്ളമാണെങ്കിൽ ഇറങ്ങുന്നില്ല എന്ന് മാത്രമല്ല ചിലയിടത്തെങ്കിലും കയറുകയുമാണ്. എങ്ങനെ നോക്കിയാലും ചീത്ത വാർത്തകൾ തന്നെയാണ് വരുന്നത്.
ഈ പ്രശ്നങ്ങളുടെ ഒക്കെ നടക്കും ഞാൻ ഇപ്പോഴും പരിഭ്രാന്തൻ അല്ല, ശുഭാപ്തി വിശ്വാസം വിട്ടിട്ടുമില്ല. കാരണമുണ്ട്.
- ലഭ്യമായ പ്രവചനങ്ങൾ അനുസരിച്ചു പല ജില്ലകളിലും നാളെ മഴ കുറയണം, ശനിയാഴ്ച ആകുന്നതോടെ എല്ലായിടത്തും മഴ കുറഞ്ഞു വെള്ളമിറങ്ങി തുടങ്ങുന്ന സാഹചര്യം ഉണ്ടാകും.
- ഇടുക്കി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം വിടേണ്ടി വരുന്ന സാഹചര്യം ഉണ്ട്. പക്ഷെ പെരിയാർ കരകവിഞ്ഞൊഴുകുന്നതിനാൽ അത് ജലനിരപ്പ് ഏറെ ഉയരില്ല എന്നാണ് എന്‍റെ കണക്കുകൂട്ടൽ. . ഓരോ അടി വെള്ളം കൂടുന്തോറും കൂടുതൽ ഇടത്തേക്ക് വെള്ളം പരക്കുമല്ലോ.
- ഫേസ്ബുക്കും വാട്ട്സ് ആപ്പും നോക്കിയാൽ പതിനായിരക്കണക്കിന് എസ് ഒ എസ് ആണ് വരുന്നത്. ലക്ഷക്കണക്കിന് ആളുകൾ കുടുങ്ങി കിടക്കുയാണ് എന്ന് തോന്നും. ഇത് ശരിയല്ല, ഓരോ സന്ദേശവും ആയിരങ്ങൾ ഷെയർ ചെയ്യുകയാണ്, ഇതാണ് കൂടുതൽ പരിഭ്രാന്തി ഉണ്ടാക്കുന്നത്. മാധ്യമങ്ങൾ പ്രശ്നങ്ങൾ എടുത്തു കാണിക്കുന്നത് ശരിയാണെങ്കിലും ഏറ്റവും കൂടുതൽ പ്രശ്നമുള്ള സ്ഥലങ്ങൾ എടുത്തെടുത്ത് കാണിക്കുന്നത് ആളുകളെ ഭയപ്പെടുത്തുകയാണ്. മൂവാറ്റുപുഴ മുങ്ങി എന്ന തലക്കെട്ട് കണ്ടു ഞാൻ നോക്കുമ്പോൾ കാണുന്നത് മുട്ടിനു താഴെ വെള്ളത്തിൽ നൂറുകണക്കിന് ആളുകൾ റോഡിലൂടെ പോകുന്നതാണ്. ഈ അവസരത്തിൽ എങ്കിലും പത്രക്കാർ നാടകീയത കുറക്കണം, വാസ്തവം കൃത്യമായി മാത്രം റിപ്പോർട്ട് ചെയ്യണം. അത് നടക്കാൻ ബുദ്ധിമുട്ടായതിനാൽ ഒരു കാര്യം കൂടെ പറയാം അധികം ടി വി കാണാതിരിക്കുക, കുട്ടികളെ കാണിക്കാതിരിക്കുക. വാട്ട്സ് ആപ്പിൽ വരുന്ന ദുരന്ത സന്ദേശങ്ങൾക്ക് അധികം ചെവി കൊടുക്കരുത്. ഒരാൾ കുടുങ്ങിക്കിടന്നു കരയുന്നത് ഒരു ലക്ഷം പേർ കണ്ടു കഴിയുമ്പോൾ അവരുടെ എല്ലാം ആത്മവിശ്വാസമാണ് ചോരുന്നത്.
- പ്രളയം എന്നാൽ സുനാമി പോലെയോ ഭൂകമ്പം പോലെയോ ഗ്യാസ് ലീക്ക് പോലെയോ അഗ്നി പർവതം പോലെയോ ആളുകളെ മൊത്തമായി കൊന്നൊടുക്കുന്ന ഒന്നല്ല. കെട്ടിടത്തിന്റെ മുകളിൽ കയറി നിൽക്കേണ്ടി വരുന്നതും, ഭക്ഷണം തീർന്നു പോകുന്നതും, ചുറ്റും വെള്ളം പൊങ്ങുന്നത് കാണുന്നതും ഒക്കെ ഏറെ ഭീതി ഉണ്ടാക്കും, പക്ഷെ അതൊന്നും ആരെയും കൊല്ലില്ല. ജനീവയിൽ സുഖമായിരുന്നിട്ട് പേടിക്കേണ്ട എന്ന് പറയുന്നതിൽ അർത്ഥമില്ല എന്നറിയാം, എന്നാലും ഫ്ളാറ്റുകളിലോ രണ്ടു നിലക്ക് മുകളിൽ ഉള്ള കെട്ടിടങ്ങളിലോ ഒക്കെ ഉള്ളവർ ഉടൻ ആളുകൾ രക്ഷിച്ചില്ലെങ്കിലും മരണമടുത്തു എന്നൊന്നും കരുതരുത്.
- കേരളത്തിൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും പ്രളയബാധിതർ തന്നെയാണ്. പക്ഷെ മഴകൊണ്ട് വീട് വിട്ട് പോകേണ്ടി വന്നവർ ഇപ്പോഴും ജനസംഖ്യയുടെ അഞ്ചു ശതമാനം പോലുമില്ല. അതായത് തൊണ്ണൂറു ശതമാനത്തിലധികം ആളുകളും മറ്റുള്ളവരെ സഹായിക്കാനുള്ള സാധ്യത ഉള്ളവർ ആണ്. ബഹുഭൂരിപക്ഷം വീടുകളും ഇപ്പോഴും വെള്ളം കയറാത്തതും ആണ്.
- കേരളത്തിൽ ക്യാംപുകളുടെ എണ്ണം കൂട്ടണമെങ്കിൽ നൂറുകണക്കിന് സ്ഥാപനങ്ങൾ, കോളേജുകൾ, അവയുടെ ഹോസ്റ്റലുകൾ എന്നിവയൊക്കെ ഉണ്ട്. പക്ഷെ ബഹുഭൂരിപക്ഷം പ്രളയബാധിതരും ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീട്ടിൽ ആണ്, അതാണതിന്റെ ശരിയും.
- ഭക്ഷണത്തിനും പാലിനും ഒക്കെ അല്പം ക്ഷാമം ഒന്നോ രണ്ടോ ദിവസം ഉണ്ടായി എന്ന് വരാം. പക്ഷെ കേരളത്തിലേക്ക് ഭക്ഷണവസ്തുക്കൾ വരുന്ന സ്ഥലത്തൊന്നും പ്രളയം ബാധിച്ചിട്ടില്ല. അതുകൊണ്ട് മഴ മാറിയാൽ രണ്ടു ദിവസത്തിനകം സപ്ലൈ ചെയിൻ സാധാരണ രീതിയിൽ ആകും. ലോകത്ത് ദുരന്തങ്ങൾക്ക് ശേഷം ഭക്ഷണത്തിന് ക്ഷാമം ഉണ്ടാകുന്നത് ഭക്ഷണം വാങ്ങാൻ കഴിവില്ലാത്തത് കൊണ്ടാണ്. കേരളത്തിൽ പൊതുവെ അതൊരു പ്രശ്നമല്ല.
- എന്‍റെ ജഡ്ജ്‌മെന്റ്റ് ശനിയാഴ്ചയോടെ കാര്യങ്ങൾ കൂടുതൽ നിയന്ത്രണ വിധേയമാകും എന്നും, ഞായറാഴ്ചയോടെ പരിഭ്രാന്തി ഏറെ കുറയുകയും ചെയ്യുമെന്നാണ്.
- വെള്ളപ്പൊക്ക ദുരിതാശ്വാസത്തിലെ ഏറ്റവും നാടകീയമായ കാര്യങ്ങൾ സെർച്ച് ആൻഡ് റെസ്ക്യൂ ആണെങ്കിലും ഏറ്റവും പ്രധാനമായ കാര്യങ്ങൾ ഒക്കെ വരാൻ തുടങ്ങുന്നതേ ഉള്ളൂ. കേരളത്തിലെ മുഴുവൻ യുവതീ യുവാക്കളെയും ഉൾപ്പെടുത്തി വേണം കേരളത്തിലെ റിക്കവറി നടത്താൻ. മറുനാടൻ മലയാളികൾക്ക് അതിൽ വലിയ പങ്കുണ്ട്. അതിനെ പറ്റി ഞാൻ ശനിയാഴ്ച എഴുതാം.
ഒരു കാര്യം കൂടി നമ്മൾ ശ്രദ്ധിക്കണം, നമ്മുടെ ശ്രദ്ധ മുഴുവൻ വെള്ളപ്പൊക്കത്തിലാണ്. അവിടെയാണ് എയർ ഫോഴ്സും ഹെലികോപ്ടറും ഒക്കെ ഉള്ളത്. അവിടെ നിന്നാണ് പരിഭ്രാന്തമായ സന്ദേശങ്ങൾ വരുന്നത്. പക്ഷെ മരണങ്ങൾ നടക്കുന്നത് കൂടുതലും മലകളിൽ ഉരുൾ പൊട്ടിയാണ്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഉരുൾ പൊട്ടുന്നത്ത്, അതുകൊണ്ടു തന്നെ മുൻകൂർ സന്ദേശമില്ല, രക്ഷിക്കാൻ ആളുകൾ ഓടി എത്തുന്നുമില്ല. ഇത് കൂടി വരാൻ പോവുകയാണ്. കുറച്ചു കൂടുതൽ മാധ്യമ ശ്രദ്ധ അങ്ങോട്ട് തിരിയണം പ്ലീസ്.
നാളെ തൊട്ടു മൂന്നാഴ്ച അവധിയാണ്. നാട്ടിലേക്ക് വരാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ അബു ദാബിയിൽ നിന്നുള്ള വിമാനം കാൻസൽ ആണല്ലോ, അതുകൊണ്ട് അബു ദാബിയിൽ എത്തിയിട്ട് ശ്രമിക്കാം. നാളെ പകൽ വിമാനത്തിലാണ്, അതുകൊണ്ട് അപ്ഡേറ്റ് ഉണ്ടാകില്ല.സുരക്ഷിതരായിരിക്കുക, ഭയപ്പെടാതിരിക്കുക. We shall Overcome