സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

റിയാദ്: അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി സൗദി അറേബ്യയിൽ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി ചീരുവീട്ടിൽ കോലശ്ശേരി മുഹമ്മദ് സലിം (66) ആണ് യാംബുവിൽ മരിച്ചത്.

കൊവിഡ് പോസിറ്റീവ് ആയി നേരത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ രോഗമുക്തനായി കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചിരുന്നു. ബുധനാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് യാംബു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച്‌ മരിക്കുകയായിരുന്നു.

യാംബുവിലെ പ്രമുഖ പെട്രോ കെമിക്കൽ കമ്പനിയായ യാൻപെറ്റിൽ 20 വർഷം ജോലി ചെയ്തിരുന്നു. ശേഷം ‘നാറ്റ്പെറ്റ്’ പെട്രോ കെമിക്കൽ കമ്പനിയിൽ പർച്ചേസിങ് വിഭാഗത്തിൽ 12 വർഷമായി സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു.

കോഴിക്കോട് റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ ആയിരുന്ന പരേതനായ സി.കെ. മൊയ്‌തീൻ കോയയാണ് പിതാവ്. മാതാവ്: ബീവി, ഭാര്യ: ഫൗസിയ. യാംബു നാറ്റ്പെറ്റ് കമ്പനിയിൽ തന്നെ ജോലി ചെയ്യുന്ന അസ്സാം സലിം, എറണാംകുളം ‘നെസ്റ്റി’ൽ ജോലി ചെയ്യുന്ന ഷനോജ് സലിം എന്നിവർ മക്കളാണ്. മരുമകൾ: നിനു. യാംബു ജനറൽ ആശുപത്രിയിലുള്ള മൃതദേഹം യാംബുവിൽ തന്നെ ഖബറടക്കും.