പ്രവാസി മലയാളിയെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

റിയാദ്​: മലയാളിയെ സൗദി അറേബ്യയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം വൈലോങ്ങര സ്വദേശി മൂന്നാക്കൽ മുഹമ്മദലി (48) ആണ് ജിദ്ദയിലെ ശുഹൈബ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചത്.

വ്യാഴാഴ്ച വൈകീട്ട്​ മക്കയിൽ നിന്നും ഇദ്ദേഹവും സുഹൃത്തുക്കളും ജിദ്ദക്ക് അടുത്തുള്ള ശുഹൈബയിലേക്ക് ചുണ്ട ഇട്ട് മീൻ പിടിക്കാൻ വന്നതായിരുന്നു. ഇതിനിടയിൽ പ്രദേശത്ത് പൊടിക്കാറ്റ് വീശി ഇദ്ദേഹത്തിന്റെ കണ്ണിൽ മണൽ കയറുകയും ഇദ്ദേഹം അടുത്തുള്ള വാഹനത്തിലേക്ക് പോവുകയും ചെയ്‍തതായി സുഹൃത്തുക്കൾ പറയുന്നു. കാറ്റ് ശക്തമായപ്പോൾ സുഹൃത്തുക്കൾ ചൂണ്ട ഇടുന്നത് നിർത്തി വാഹനത്തിന്​ അടുത്തെത്തിയപ്പോൾ മുഹമ്മദലി അവിടെയുണ്ടായിരുന്നില്ല. പ്രദേശത്തെല്ലാം പരിശോധിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. കാറ്റിന്റെ ശക്തി കുറഞ്ഞപ്പോൾ സുഹൃത്തുക്കൾ വീണ്ടും ഇദ്ദേഹം ചൂണ്ടയിട്ട ഭാഗത്ത് പരിശോധിച്ചപ്പോൾ ചൂണ്ടയും മാസ്ക്കും മാത്രം കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്‍ച മുഴുവനും തിരച്ചിൽ നടത്തിയെങ്കിലും ഇദ്ദേഹത്തെക്കുറിച്ചു ഒരു വിവരവും ലഭിച്ചില്ല. ശനിയാഴ്ച രാവിലെയാണ് അടുത്തുള്ള വെള്ളക്കെട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്​. 20 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്​. മക്കയിൽ ബജറ്റ് കമ്പനിയിൽ പെയിന്ററായി ജോലിചെയ്യുകയായിരുന്നു. പിതാവ്: പരേതനായ സൂപ്പി, മാതാവ്: ഖദീജ, ഭാര്യ: റജീന, മക്കൾ: ജിൻസിയ, സിനിയ. മക്ക അൽനൂർ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും.