സൗദിയിൽ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു

0

റിയാദ്: കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. റിയാദ് കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്ന തൃശുര്‍ മുള്ളൂര്‍ക്കര സ്വദേശി കപ്പാരത്ത് വീട്ടില്‍ വേണുഗോപാലന്‍ (52), കൊല്ലം അഞ്ചല്‍ കരുകോണ്‍ സ്വദേശി പുല്ലാഞ്ഞിയോട് അസീസ് മന്‍സിലില്‍ അന്‍സാര്‍ അബ്ദുല്‍ അസീസ് (44) എന്നിവരാണ് സൗദിയിലെ റിയാദിൽ മരിച്ചത്.

മരിച്ച കൊല്ലം അഞ്ചല്‍ കരുകോണ്‍ സ്വദേശി അന്‍സാര്‍ അബ്ദുല്‍ അസീസ് ഒരാഴ്ചയായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം കടുത്തതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ ഘടിപ്പിക്കാനൊരുങ്ങവേ ഹൃദയാഘാതമുണ്ടായാണ് മരണകാരണം. പരേതനായ അബ്ദുല്‍ അസീസിന്റെയും കരുകോണ്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിട്ടയേര്‍ഡ് അറബിക് അധ്യാപിക ആരിഫ ബീവിയുടേയും മകനാണ്. ഭാര്യ: ഷെമി അന്‍സാര്‍. മൂന്നു മക്കളുണ്ട്. സഹോദരങ്ങള്‍: ലുബ്‌ന, അനസ് . ഇളയകുഞ്ഞ് ജനിച്ചിട്ട് ഏതാനും മാസമേ ആയുള്ളു. കുഞ്ഞിനെ കാണാനായി മാര്‍ച്ചില്‍ നാട്ടില്‍ വരാനിരുന്നപ്പോഴാണ് അന്താരാഷ്ട്ര വിമാനസര്‍വിസുകള്‍ നിര്‍ത്തിയത്.

റിയാദ് കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെ മരിച്ച തൃശുര്‍ മുള്ളൂര്‍ക്കര സ്വദേശി കപ്പാരത്ത് വീട്ടില്‍ വേണുഗോപാലന്‍ 20 വര്‍ഷമായി റിയാദ് ഉലയ്യയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. സരസ്വതിയാണ് ഭാര്യ. മക്കള്‍: അനീഷ്, അശ്വതി.