കോട്ടയം: കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് ആവർത്തിച്ച് ഭാര്യ നീനുവിന്റെ മൊഴി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കെവിൻ കേസുമായി ബന്ധപ്പെട്ട വിസ്‌താരത്തിനിടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് നീനു തന്റെ മൊഴി ആവർത്തിച്ചത്. കെവിനെ കൊന്നത് ദുരഭിമാനം മൂലമാണെന്നും നീനു പറഞ്ഞു അച്ഛൻ ചാക്കോ, പ്രതി നിയാസ്, എസ്ഐ എം.എസ് ഷിബു എന്നിവര്‍ക്കെതിരെയാണ് നീനു മൊഴി നൽകിയത്.
കെവിൻ താഴ്ന്ന ജാതിയാണെന്ന് അച്ഛൻ പലപ്പോഴും പറഞ്ഞിരുന്നു. കെവിനെ വിവാഹം കഴിച്ചാൽ അഭിമാനത്തിന് കോട്ടം തട്ടുമെന്ന് വിചാരിച്ചാണ് തട്ടികൊണ്ട് പോയത്. അച്ഛനും സഹോദരനുമാണ് കെവിനെ കൊലപ്പെടുത്തിയതെന്നും ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് അച്ഛൻ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നീനു കോടതിയോട് വ്യക്തമാക്കി. വിചാരണക്കിടെ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് നീനു മൊഴി നൽകിയത്.
അമ്മ രഹനയുടെ സഹോദരിയുടെ മകൻ നിയാസും തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് നിയാസ്. വിവാഹത്തിന് സമ്മതിക്കില്ലെന്ന് ഫോണിലൂടെ നിയാസ് കെവിനെയും നീനുവിനെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തട്ടിക്കൊണ്ട് പോകുന്നതിന് ഒന്നരമണിക്കൂർ മുൻപും കെവിനുമായി താൻ ഫോണിൽ സംസാരിച്ചിരുന്നു. അനീഷിന്റെ സഹോദരി പറഞ്ഞാണ് കെവിനെ തട്ടിക്കൊണ്ട് പോയ വിവരം അറിഞ്ഞതെന്നും നീനു പറഞ്ഞു. കെവിൻ മരിക്കാൻ കാരണം എന്റെ അച്ഛനും സഹോദരനുമാണ്. അതിനാൽ കെവിന്റെ അച്ഛനെയും അമ്മയേയും നോക്കാനുള്ള ഉത്തരവാദിത്വം തനിക്ക് ഉണ്ടെന്നും അതിനാലാണ് കെവിന്റെ വീട്ടിൽ നിൽക്കുന്നതെന്നും നീനു കോടതിയിൽ പറഞ്ഞു.
എസ്ഐ എം.എസ് ഷിബു കെവിന്‍റെ കഴുത്തിൽ പിടിച്ച് തള്ളി. അച്ഛന്‍ ചാക്കോയൊടൊപ്പം പോകാൻ ആവശ്യപ്പെട്ടുവെന്നും നീനു കോടതിയെ അറിയിച്ചു. സമ്മതിക്കാതിരുന്നപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതാണെന്ന് എഴുതി വാങ്ങിക്കുകയും ചെയ്തു എന്ന് നീനു വ്യക്തമാക്കി. കെവിനൊപ്പം ജീവിക്കാൻ വീട് വിട്ടിറങ്ങിയതാണെന്നും നീനു കോടതിയില്‍ പറഞ്ഞു.
നീനുവുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് കെവിനെ ഷാനു ചാക്കോയും സംഘവും വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊലക്കുറ്റം ഉൾപ്പെടെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.