സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പൊതുചടങ്ങില്‍ പങ്കെടുത്തതായി ഉത്തരകൊറിയൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ദ് കൊറിയൻ സെൻട്രൻ ന്യൂസ് ഏജൻസിയാണ് (കെസിഎൻഎ) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിനു സമീപം സൻചോണിലെ ഒരു വളം ഫാക്ടറിയുടെ ഉദ്ഘാടനത്തിൽ വെള്ളിയാഴ്ച കിം പങ്കെടുത്തെന്നാണ് സൂചന.
കിം ജോങ് ഉന്‍ പരിപാടിക്ക് പങ്കെടുക്കുന്ന ഒരു ചിത്രവും കെ.സി.എന്‍.എ പുറത്തു വിട്ടിരുന്നു. കിം ചുവന്ന നാട മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ് പുറത്തു വിട്ടത്. ചിത്രത്തില്‍ സഹോദരി കിം യോങ് ജോങ് സമീപത്ത് നില്‍ക്കുന്നതും കാണാം.
ആധുനിക ഫോസ്ഫറ്റിക് വളം ഫാക്ടറി നിർമിച്ചുവന്ന വാർത്ത കേട്ടാൽ തന്റെ മുത്തച്ഛൻ കിം ഇൽ സുങ്ങും പിതാവ് കിം ജോങ് ഇല്ലും വളരെയധികം സന്തോഷിക്കുമെന്ന് കിം വൈകാരികമായി പ്രതികരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏപ്രില്‍ 15ന് കിം ജോങ് ഉന്‍ മുടങ്ങാതെ പങ്കെടുത്തിരുന്ന മുത്തച്ഛന്റെ ജന്മദിന വാര്‍ഷിക ആഘോഷ പരിപാടിയിലെ അദ്ദേഹത്തിന്റെ അസാന്നിധ്യമാണ് കിം ജോങ് ഉന്നിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലേക്ക് ലോക ശ്രദ്ധ തിരിച്ചത്. 2011 മുതല്‍ അദ്ദേഹം ഒരു തവണ പോലും ഈ ചടങ്ങില്‍ പങ്കെടുക്കാതിരുന്നിട്ടില്ല എന്നത് സംശയങ്ങള്‍ക്ക് ബലം നല്‍കി.
ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കിമ്മിന്റെ സ്ഥിതി ഗുരുതരമായതെന്നും മസ്തിഷ്ക മരണം സംഭവിച്ചുവെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം ദക്ഷിണ കൊറിയയും ചൈനയും തള്ളിയിരുന്നു. കിം പൊതുവേദിയിൽ വരാത്തത് കോവിഡ് പിടിപെടാതിരിക്കാനുള്ള മുൻകരുതലാകാമെന്ന് ദക്ഷിണ കൊറിയൻ മന്ത്രി പറഞ്ഞിരുന്നു. മുത്തച്ഛന്റെ ജന്മവാർഷികച്ചടങ്ങിൽ കിം പങ്കെടുക്കാത്തതും ഇതുകൊണ്ടാകുമെന്നാണു ദക്ഷിണ കൊറിയൻ മന്ത്രി കിം യൂൺ ചുൾ പറഞ്ഞത്. എനിക്ക് കിമ്മിന്റെ ആരോഗ്യത്തെപ്പറ്റി നന്നായി അറിയാം, പക്ഷേ ഞാൻ ഒന്നും പറയില്ലെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം.