വിഖ്യാത ദക്ഷിണ കൊറിയൻ സംവിധായകൻ കിംകി ഡുക്ക് അന്തരിച്ചു

0

വിഖ്യാത ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്ക് (59)അന്തരിച്ചു. ലാത്വിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു കിം കി ഡുക്കെന്നും വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചതെന്നുമാണ് ലാത്വിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കാൻ, ബെർലിൻ, വെനീസ് അന്താരാഷ്​ട്ര ചലച്ചിത്രമേളകൾക്ക്​ ശേഷം നവംബർ 20 നാണ് അദ്ദേഹം ലാത്വിയയിൽ എത്തുന്നത്. മലയാളികളുടെയും ആരാധനാപാത്രമാണ് കിം കി ഡുക്ക്.

ലോകപ്രശസ്ത സിനിമാ സംവിധായകരിൽ ഒരാളായ കിംകി ഡുക്കിന് വെനീസ് ചലച്ചിത്ര മേളയിലെ ​ഗോൾഡൻ ലയൺ പുരസ്കാരമടക്കം നിരവധി വിഖ്യാത പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സിൽവർബെയർ, കാൻസ് ചലച്ചിത്ര മേളയിലെ പുരസ്കാരങ്ങൾ എന്നിവ അവയിൽ ചിലത് മാത്രം.

സമരിറ്റൻ ​ഗേൾ, ത്രീ അയേൺ, സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ… ആന്റ് സ്പ്രിങ് ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ, ദി ബോ എന്നീ സിനിമകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. 1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. 1995-ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തി ജീവിതത്തിലെ ഏറ്റവുംവലിയ വഴിത്തിരിവായിരുന്നു.

2004-ൽ കിം കി ഡുക് മികച്ച സം‌വിധായകനുള്ള രണ്ട് പുരസ്കാരങ്ങൾക്ക് അർഹനായി- സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ത്രീ-അയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും നേടി.