ശ്രീറാം വെങ്കിട്ടരാമന്റെ അവിഹിത ബന്ധത്തിന്റെ ദൃശ്യങ്ങള്‍ കെ.എം.ബഷീറിന്റെ കൈയിലുണ്ടായിരുന്നുവെന്ന് കുടുംബം ഹൈക്കോടതിയില്‍

0

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കെ.എം.ബഷീറിന്റെ സഹോദരന്‍ അബ്ദു റഹ്മാന്‍ ഹാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേരള പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ഹര്‍ജിയില്‍ കുടുംബം ആരോപിച്ചു. ബഷീറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത്. പ്രോസിക്യൂഷന്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സഹായിക്കുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ അവിഹിത ബന്ധവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ബഷീറിന്റെ പക്കലുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ബഷീറിന്റെ മരണത്തിലേക്ക് എത്തിച്ചതെന്ന് ഹര്‍ജിയില്‍ കുടുംബം ആരോപിച്ചു.

കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടെ ശ്രീറാം വെങ്കിട്ടരാമന്‍ വാഹനമിടിപ്പിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം. യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരാന്‍ ഇപ്പോഴത്തെ അന്വേഷണം പര്യാപ്തമല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

2019 ഓഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. കെ.എം.ബഷീര്‍ കൊല്ലപ്പെട്ടിട്ട് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ ഇതുവരെയും തുടങ്ങിയില്ല. പലവാദങ്ങള്‍ ഉന്നയിച്ച് കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് ശ്രീറാമിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അതിനിടയില്‍ സെഷന്‍സ് കോടതിയില്‍ വിചാരണനടപടികള്‍ ആരംഭിക്കാനിരിക്കെ എക്‌സിക്യൂട്ടീവ് മജിസ്റ്റീരിയല്‍ അധികാരമുള്ള കലക്ടറായി ശ്രീറാമിനെ നിയമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്നു സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു.

2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ 1.30നു മദ്യലഹരിയില്‍ കാറോടിച്ച ശ്രീറാമോടിച്ച കാറിടിച്ചാണ് കെ.എം.ബഷീര്‍ കൊല്ലപ്പെടുന്നത്. കാറിനു 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്നു കണ്ടെത്തി ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവു നശിപ്പിക്കലുമടങ്ങുന്നതാണ് കുറ്റങ്ങള്‍. ബഷീറിന്റെ മരണം നടന്നു മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ വിവിധ തടസവാദങ്ങള്‍ ഉന്നയിച്ചാണ് ശ്രീറാം കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നത്. പലവട്ടം നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും വിവിധ ഒഴിവുകള്‍ പറഞ്ഞ് മാറിപ്പോകുകയായിരുന്നു.

ഹാജരാകണമെന്നു കര്‍ശന നിര്‍ദേശമെത്തിയപ്പോള്‍ സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പ് കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയിലെത്തി പരിശോധിക്കാനായിരുന്നു സിജെഎമ്മിന്റെ നിര്‍ദേശം. പിന്നീട് ഹാജരായേ പറ്റൂവെന്നു കോടതി നിലപാടടെടുത്തപ്പോള്‍ ശ്രീറാമും വഫയും കോടതിയില്‍ ഹാജരായി. വിചാരണയുടെ ആദ്യഘട്ടമായ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതുപോലും ഇതുവരെ നടന്നിട്ടില്ല. ഏറ്റവും ഒടുവില്‍ തനിക്കു കേസുമായി ബന്ധമില്ലെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വഫ ഫിറോസ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. വിചാരണ നീളുമ്പോഴും സര്‍വീസില്‍ തിരിച്ചെത്തിയ ശ്രീറാമിനെ ആലപ്പുഴ കലക്ടര്‍ കസേരയില്‍ ഇരുത്തിയെങ്കിലും പ്രതിഷേധം അണപൊട്ടിയപ്പോള്‍ സിവില്‍ സപ്ലൈസ് ജനറല്‍ മാനേജരാക്കി മാറ്റി സര്‍ക്കാര്‍ തടിതപ്പി. അപകടം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്ന ശ്രീറാമിനൊപ്പം വനിതാ സുഹൃത്ത് വഫ ഫിറോസുമുണ്ടായിരുന്നു.