കൊച്ചി അന്താരാ‌ഷ്‌ട്ര പുസ്തകോത്സവം ഡിസംബർ 1 മുതൽ 10 വരെ

0

കൊച്ചി: ഇരുപത്തിആറാമത് കൊച്ചി അന്താരാ‌ഷ്‌ട്ര പുസ്തകോത്സവം ഡിസംബർ ഒന്നു മുതൽ 10 വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍. ഡിസംബര്‍ ഒന്നാം തീയതി വൈകുന്നേരം 4.30 ന് പ്രശസ്ത ഗാന രചയിതാവ് ശ്രീകുമാരന്‍ തമ്പി പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.കെ. സാനു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ. ജയകുമാര്‍ പുസ്തകോത്സവ സന്ദേശം നല്‍കും.

രണ്ടാം ദിനമായ ഡിസംബര്‍ രണ്ടാം തീയതി രാവിലെ 10.30 ന് ചില്‍ഡ്രന്‍സ് ഫെസ്റ്റിവല്‍ നടക്കും. പരിപാടിയില്‍ ലോക് നാഥ് ബെഹ്റ , പ്രൊഫ. വി.കെ. അബ്ദുള്‍ ജലീല്‍, അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്‍ എന്നിവര്‍ കുട്ടികളുമായി സംവദിക്കും. വൈകുന്നേരം 4.30 ന് ലീലാ മേനോന്‍ മാധ്യമ പുരസ്കാരം വിതരണം ചെയ്യും. മുന്‍ കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ മുഖ്യാതിഥിയാകും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ മുഖ്യ പ്രഭാഷണം നടത്തും.

മൂന്നാം ദിനത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ വിദ്യാർഥികള്‍ക്ക് വേണ്ടിയുള്ള സാഹിത്യ മത്സരങ്ങള്‍ നടക്കും. നാലാം ദിനത്തില്‍ ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് ചട്ടമ്പി സ്വാമികളെ കുറിച്ചുള്ള പ്രത്യക ചര്‍ച്ച മഹാഗുരുവര്‍ഷം 2024 നടക്കും. അഞ്ചാം ദിനത്തില്‍ രാവിലെ 10 മണി മുതല്‍ പരിസ്ഥിതി സെമിനാര്‍ നടക്കും.

ആറാം ദിനത്തില്‍ ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് സമകാല എഴുത്ത് സൗന്ദര്യവും വിചാരവും എന്ന വിഷയത്തില്‍ യുവ എഴുത്തുകാര്‍ പങ്കെടുക്കുന്ന ചര്‍ച്ച നടക്കും. വൈകുന്നേരം 4.45 ന് കൊച്ചി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പ്രശസ്ത കന്നഡ എഴുത്തുകാരന്‍ ഡോ. എച്ച് എസ് ശിവ പ്രകാശ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ മുഖ്യാതിഥിയാകും. കെ. സച്ചിദാനന്ദന്‍ മുഖ്യ പ്രഭാഷണം നടത്തും.

ഡിസംബര്‍ ഏഴ്, എട്ട് തീയതികളില്‍ കേന്ദ്ര സാഹിത്യ അക്കാഡമി സംഘടിപ്പിക്കുന്ന നോവല്‍ കവിത ചര്‍ച്ച. ആലങ്കോട് ലീലാകൃഷ്ണന്‍, പ്രഭാവര്‍മ്മ, കെ.പി. രാമനുണ്ണി, വിജയലക്ഷ്മി തുടങ്ങി പ്രശസ്ത എഴുത്തുകാര്‍ പങ്കെടുക്കുന്ന സംവാദങ്ങളും നടക്കും. ഒന്‍പതാം ദിനത്തില്‍ രാവിലെ 10.30 ന് പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ മെമ്മോറിയല്‍ സെമിനാര്‍ നടക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

അവസാന ദിനമായ ഡിസംബര്‍ 10 ന് രാവിലെ 10.30 ന് ചിത്രരചനാ മത്സരങ്ങളുടെയും സാഹിത്യ മത്സരങ്ങളുടെയും കുട്ടികളുടെ പുസ്തകോത്സവത്തിന്‍റെയും വിജയികള്‍ക്കുള്ള സമ്മാനദാനം നടക്കും. ഉച്ചയ്ക്ക് 1.30 ന് സാഹിത്യ സംഗമം നടക്കും. 3 മണിക്ക് മാടമ്പ് കുഞ്ഞിക്കുട്ടന്‍ ചെറുകഥ പുരസ്കാര വിതരണവും പുസ്തക പ്രകാശനവും നടക്കും. 10 ദിവസങ്ങളിലായി നടക്കുന്ന പുസ്തകോത്സവത്തില്‍ 200 പ്രസാധകരും 200 ന് മുകളില്‍ എഴുത്തുകാരും പങ്കെടുക്കും. 100 ഓളം പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകോത്സവത്തിന്‍റെ ഭാഗമായി നടക്കും.