പുതുവത്സരാഘോഷത്തിന് ഇത്തവണയും പാപ്പാഞ്ഞിയില്ല

0

പുതുവത്സരാഘോഷം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഫോര്‍ട്ടുകൊച്ചിയിലെ കൂറ്റന്‍ പാപ്പാഞ്ഞിയുടെ രൂപം ആയിരിക്കും നമ്മുടെ മനസ്സില്‍ തെളിയുക. പുതുവർഷം പിറക്കുമ്പോൾ കത്തിത്തീരുന്ന പാപ്പാഞ്ഞിയെ കാണാനും പുതുവത്സര രാവ് ആഘോഷിക്കാനും ഫോര്‍ട്ട്കൊച്ചിയിലെ പരേഡ് ഗ്രൌണ്ടിലേക്കെത്തിയിരുന്നത് വിദേശികളുള്‍പ്പെടെ ആയിരങ്ങളാണ്…

എന്നാൽ ഇത്തവണയും പുതുവത്സരാഘോഷത്തിന്റെ മാറ്റ് കുറയും. പുതുവത്സരാഘോഷത്തിന്റെ ഭാ​ഗമായുള്ള ഫോർട്ട് കൊച്ചി കാർണിവൽ ഇത്തവണ പേരിന് മാത്രമേ ഉണ്ടാവൂ. പാപ്പാഞ്ഞിയെ കത്തിക്കൽ ഇത്തവണ ഉണ്ടാവില്ല. കാർണിവൽ റാലിയും ഇല്ല. പരിമിതമായ തോതിൽ മാത്രമേ ആഘോഷങ്ങളും കലാപരിപാടികളും ഉണ്ടാവൂ. സംസ്ഥാനത്ത് ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 35 വർഷത്തെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ വർഷവും പാപ്പാഞ്ഞിയെ കത്തിക്കൽ ഒഴിവാക്കിയിരുന്നു.

1985ല്‍ കൊച്ചിയിലെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് കൊച്ചിന്‍ കാര്‍ണിവല്‍ ആരംഭിച്ചതോടെയാണ് പാപ്പാഞ്ഞി രംഗത്തുവരുന്നത്. പോര്‍ച്ചുഗീസ് ഭാഷയില്‍ പാപ്പാഞ്ഞി എന്നാല്‍ മുത്തച്ഛന്‍ എന്നാണര്‍ഥം. കഴിഞ്ഞ വര്‍ഷത്തോട് വിടപറയുകയും പുതുവത്സരത്തെ സ്വാഗതം ചെയ്തുമാണ് പ്രതീകാത്മകമായി ഭീമാകാരന്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നത്. പാപ്പാഞ്ഞി കത്തിയമരുന്നതിലൂടെ പോയവര്‍ഷത്തെ തിന്മയും അതോടൊപ്പം ഇല്ലാതാവും എന്നാണ് വിശ്വാസം.