കേരളം കൈകുമ്പിളിൽ; പരാജയം അംഗീകരിക്കുന്നു – കോടിയേരി

0

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജനവിധി ഇടതുപക്ഷം അംഗീകരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തില്‍ എല്‍.ഡി.എഫിനുണ്ടായ പരാജയം അപ്രതീക്ഷിതമാണ്. യു.ഡി.എഫിന് അനുകൂലമായ തരംഗമാണ് കേരളത്തിലുണ്ടായത്. ഈ പരാജയത്തിന് അടിസ്ഥാനമായ കാരണങ്ങള്‍ എന്തെല്ലല്ലാമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മറ്റി വിശദമായി വിലയിരുത്തും. പ്രവര്‍ത്തനത്തില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ പാര്‍ട്ടി തയ്യാറാകുമെന്നും കോടിയേരി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരായാണ് പ്രചാരണം നടത്തിയത്. അത് കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായി. അതിന്റെ ഫലമായി ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ നിന്ന് പോകണം എന്നാഗ്രഹിക്കുന്ന വോട്ടര്‍മാരുടെ വോട്ട് യു.ഡി.എഫിന് സ്വാധീനിക്കാന്‍ സാധിച്ചു.

ഇത്ര വലിയ പരാജയം ഉണ്ടാവും എന്ന് കരുതിയതല്ല.പക്ഷെ ഇതിലും വലിയ പരാജയങ്ങളില്‍ പോലും ഇടതുപക്ഷം തകര്‍ന്നിട്ടില്ല. ഇത് താല്‍ക്കാലികമായ പരാജയമാണ്. ദേശീയ തലത്തില്‍ മതേതര ശക്തികള്‍ക്ക് ഉണ്ടായ പരാജയത്തില്‍ സി.പി.എമ്മിന് ആശങ്കയുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കാത്തില്‍ അഭിമാനമുണ്ടെന്നും കോടിയേരി വ്യക്തമാക്കി.