ട്വിറ്ററിന്‍റെ ഇന്ത്യൻ ബദൽ ‘കൂ’ അടച്ചുപൂട്ടുന്നു

0

ന്യൂഡൽഹി: മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം ട്വിറ്ററിന്‍റെ (ഇപ്പോൾ എക്സ്) ഇന്ത്യൻ ബദലായി തുടങ്ങിയ “കൂ’ പ്രവർത്തനം അവസാനിപ്പിക്കുന്നു. “കൂ’വിന്‍റെ സേവനങ്ങൾ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായാങ്ക് ബിഡാവട്കയും അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണു തീരുമാനം.

മറ്റു കമ്പനികളിൽ ലയിപ്പിച്ചു “കൂ’വിനെ രക്ഷിക്കാൻ നടത്തിയ ചർച്ചകളൊന്നും ഫലം കണ്ടില്ല. കൂ ആപ്ലിക്കേഷൻ നിലനിർത്താൻ ആഗ്രഹമുണ്ടെങ്കിലും പരിപാലനച്ചെലവ് താങ്ങാനാവാത്തതിനാൽ കടുത്ത തീരുമാനമെടുക്കുകയാണെന്ന് അപ്രമേയ രാധാകൃഷ്ണ.

ഒരു ഘട്ടത്തിൽ “കൂ’വിന്‍റെ പ്രതിദിന ഉപയോക്താക്കൾ 21 ലക്ഷവും പ്രതിമാസ സജീവ ഉപയോക്താക്കൾ ഒരു കോടിയുമായി ഉയർന്നിരുന്നു. 9000ലേറെ വിഐപികളും “കൂ’ ഉപയോഗിച്ചിരുന്നു. ട്വിറ്ററും കേന്ദ്ര സർക്കാരുമായി ഭിന്നത രൂക്ഷമായതിനു പിന്നാലെ 2022ൽ “കൂ’ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തിനടുത്തുവരെയെത്തിയിരുന്നു. എന്നാൽ, ഇതു നിലനിർത്താനായില്ല. കഴിഞ്ഞ വർഷം “കൂ’ 300ലേറെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.