ഒരു നാൾ ജീവിതം, മറുനാൾ വൈധവ്യം

0

വഴിയിലെങ്ങും ഉത്സവപ്രതീതി. വിളവെടുപ്പു കഴിഞ്ഞ പാടത്ത് കെട്ടിപ്പൊക്കിയ താൽക്കാലിക ‘തീം പാർക്ക്’. കത്തിയെരിയുന്ന ചൂടിൽ പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ട് ആർപ്പുവിളികളോടെ വാഹനങ്ങൾ വന്നടുക്കുന്നു. ഒഴിഞ്ഞ പാടത്ത് നിരനിരയായി വാഹനങ്ങൾ പാർക്ക് ചെയ്ത്, അണിഞ്ഞൊരുങ്ങിയ മോഹിനിമാർ പുറത്തേക്കിറങ്ങി അമ്പലത്തിലേക്ക് നടക്കുന്നു. വഴിയരികിൽ കാണികളുടെ അടക്കം പറച്ചിലും ചിരിയും. ഓരോ മോഹിനിയുടേയും മുഖത്ത്‌ സ്‌ത്രൈണത വരുത്താനായുള്ള ശ്രമങ്ങൾ കണ്ട് ചിലർ അത്ഭുതം കൂറുന്നു. “എങ്ങനെ ഒരുങ്ങിയിട്ടെന്താ, പെണ്ണായി ജീവിക്കാനുള്ള വിധിയില്ലല്ലോ” എന്ന് സർവാഭരണവിഭൂഷിതയായ ഒരു മോഹിനിയെ കണ്ട് നെടുവീർപ്പിടുന്ന മുത്തശ്ശി. അത് പെണ്ണാണോ എന്ന് ഒരു നിമിഷം ആരും ആശങ്കപ്പെട്ടുപോകും.
ആ ഗ്രാമത്തിലെങ്ങും ഒരു നാൾ ജീവിതത്തിന്റെയും മറുനാൾ വൈധവ്യത്തിന്റെയും പ്രതീകങ്ങളായ മഞ്ഞൾ കോർത്ത താലിച്ചരടുകൾ കാറ്റത്താടുന്നു. മോഹിനിമാർ താലിച്ചരടുകൾ വിലപേശി വാങ്ങുന്ന തിരക്കിലാണ്. ചിലർ താലിച്ചരടിനോടൊപ്പം അർച്ചനയ്ക്കുള്ള പൂക്കളും തേങ്ങയും കർപ്പൂരവും വെറ്റിലയും അടയ്ക്കയും വാങ്ങുന്നുണ്ട്. കൂട്ടമായെത്തിയ ചിലർ താലിച്ചരടുകളും കർപ്പൂർവും വാങ്ങി അമ്പലത്തിന്റെ ഒരു കോണിലേക്കു മാറി കർപ്പൂരം കത്തിച്ച് അതിനു ചുറ്റും നൃത്തം വയ്ക്കുന്നു. സെൽഫി ഭ്രാന്തന്മാർ ഇവരോടൊപ്പം നിന്ന് സെൽഫി എടുത്ത് സായുജ്യമടയുന്നു. ചിലർ സെൽഫിക്ക് പോസ് ചെയ്യുമ്പോൾ മറ്റു ചിലർ മുഖം തിരിച്ച് നടക്കുന്നു. ഈ മോഹിനിമാർക്കെല്ലാം ഒരു ലക്ഷ്യമേ ഉള്ളൂ. കൂത്താണ്ടവരുടെ സന്നിധി. അവിടെ വച്ചാണ് ഈ മോഹിനിമാർ അരവാന്റെ വധുക്കളാകുന്നത്.
ഒരു ആത്മത്യാഗത്തിന്റെ ഉത്സവമാണിത്. കുരുക്ഷേത്ര യുദ്ധത്തിന്റെ എട്ടാം നാൾ അച്ഛന്റെ ജീവൻ രക്ഷിക്കാൻ നിയോഗിതനായ മകന്റെ ആത്മത്യാഗത്തിന്റെ ഉത്സവം. ആയോധനകലയിലും ശരീരസൗന്ദര്യത്തിലും മികവുള്ള ഒരു പുരുഷനെ കാളിക്ക് ബലിനൽകിയാലേ പാണ്ഡവർക്ക് മഹാഭാരത യുദ്ധത്തിൽ കൗരവരോട് ജയിക്കാൻ കഴിയുകയുള്ളൂവെന്ന സഹദേവന്റെ ഉപദേശം അനുസരിച്ച് ശ്രീകൃഷ്ണൻ അർജുനനെ രക്ഷിക്കാൻ അർജുന പുത്രനായ അരവാനെ (ഇരാവാൻ) തന്ത്രപൂർവം യുദ്ധത്തിലേക്ക് നയിക്കുകയും ഒമ്പതാം നാൾ ശ്രീകൃഷ്ണ ശാപം കൊണ്ടു തന്നെ അരവാൻ മരിച്ചു വീഴുകയും ചെയ്യുന്നതോടെ ആ യുദ്ധക്കൊതി അവസാനിക്കുന്നു. ഇത് മഹാഭാരത കഥ.
പക്ഷേ അർജുനനെ രക്ഷിക്കാൻ അരവാൻ ചാവേറാകാൻ തയാറാകുമ്പോൾ അവന് ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു സമ്പൂർണ ജീവിതം. ഒരു രാത്രിയിൽ മാത്രം ആയുസ്സ് അവശേഷിക്കുന്ന അരവാനെ വിവാഹം കഴിക്കാൻ ഒരു സ്ത്രീയും തയാറാകാതെ വന്നപ്പോൾ ശ്രീകൃഷ്ണൻ മോഹിനി വേഷം പൂണ്ട് അരവാന്റെ ഭാര്യയായെന്നും ആ ഒരു രാത്രിയിലെ സമ്പൂർണ ജീവിതം കൊണ്ടുള്ള സന്തോഷത്തിൽ അരവാൻ ആയുസ്സ് ബലി നൽകിയെന്നും മറ്റൊരു പുരാണം. രണ്ടാമത്തെ കഥയാണ് തമിഴ്‌നാട്ടിൽ വിഴുപ്പുറത്തിനടുത്തുള്ള കൂവാഗത്തെ കൂത്തണ്ടവർ കോവിലിൽ ഉത്സവമായി ആഘോഷിക്കുന്നത്. ഇവിടെ മോഹിനിമാർ ഭിന്നലിംഗക്കാരും.
പതിനെട്ടു നാൾ നീളുന്ന കൂവാഗം ഫെസ്റ്റിവെലിൽ പതിനേഴാമതു നാൾ ഇന്ത്യയുടേയും ലോകത്തിന്റെയും നാനാഭാഗത്തു നിന്നുള്ള ഭിന്നലിംഗക്കാർ അരവാന്റെ മണവാട്ടിമാരാകാൻ അണിഞ്ഞൊരുങ്ങി എത്തുകയും അരവാനെ വേൾക്കുകയും ചെയ്യും. ശ്രീകോവിലിലിലേക്ക് താലിയുമായി ചെന്ന് ഒരുനാൾ മണവാട്ടിമാരായി തിരിച്ചിറങ്ങുന്നവരുടെ മുഖത്ത്‌ നിറയുന്ന സന്തോഷമാണ് ആ അമ്പലത്തിലെ ഉത്സവമായി മാറുന്നത്. നൂറ്റാണ്ടുകളായി തുടരുന്നതെന്നു പറയപ്പെടുന്ന ഈ ആഘോഷത്തിൽ ആ ഗ്രാമം മുഴുവനും ഉത്സവപ്പറമ്പ് ആകുകയും വീടുകൾ മുഴുവനും ഭിന്നലിംഗക്കാർ നിറയുകയും ചെയ്യും. ഒരു രാത്രിയുടെ ഇരുളിൽ അരവാനുമായി ഇവർ കെട്ടുപിണയും. പിറ്റേന്ന് അതിരാവിലെ അരവാൻ കൊല്ലപ്പെട്ടെന്ന വിശ്വാസത്തിൽ മണവാട്ടികൾ വിധവകളായി മാറും. ക്ഷേത്രത്തിൽ പ്രത്യേകം കെട്ടിയൊരുക്കിയ ഭാഗത്തു വച്ച് ഇവരുടെ താലികൾ മുറിച്ചെടുക്കുകയും കുപ്പിവളകൾ പൊട്ടിച്ചുകളയുകയും ചെയ്യുമ്പോൾ ഭർത്താവിന്റെ വിയോഗത്തിൽ അലമുറയിട്ട് ഇവർ പിരിയും.
ഏപ്രിൽ-മേയ് മാസങ്ങളിലായി നടക്കുന്ന ഈ ഉത്സവം ഭിന്നലിംഗക്കാർക്ക് ഒത്തുകൂടാനുള്ള ഒരു അപൂർവ വേദി കൂടിയാണ്. മാത്രമല്ല, വിവാഹത്തിന് തടസ്സമുണ്ടെന്ന് അല്ലെങ്കിൽ വിവാഹ ജീവിതത്തിൽ സന്തോഷമില്ലെന്ന് വിശ്വസിക്കുന്നവരും ആൺപെൺ ഭേദമന്യെ ഇവിടെ വന്ന് താലികെട്ടുകയും പിറ്റേദിവസം താലി അറുത്ത് ദോഷം മാറി എന്ന വിശ്വാസത്തിലെത്തുകയും ചെയ്യും. അച്ഛൻ മകനും മകൻ അച്ഛനും താലി കെട്ടുന്നത് അത്ഭുതത്തോടെയേ നമുക്ക് കണ്ടു നിൽക്കാൻ കഴിയൂ.