കോട്ടയം: വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാൾ പൊലീസിന്റെ കസ്റ്റഡിയിൽ. കുടുംബവുമായി ബന്ധമുള്ള കുമരകം സ്വദേശിയാണ് പിടിയിലായത് എന്നാണ് ലഭിക്കുന്ന വിവരം. കൊലപാതകത്തിന് ശേഷം കാറുമായി കടന്ന പ്രതിയെ കണ്ടെത്താന്‍ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ആലപ്പുഴ – കോട്ടയം ജില്ലാ അതിര്‍ത്തിയിലുള്ള പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം.
യുവാവിനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം. കോട്ടയം എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലയ്ക്ക് പിന്നില്‍ കവര്‍ച്ച മാത്രമല്ല എന്ന സൂചന പോലീസ് നേരത്തെതന്നെ നല്‍കിയിരുന്നു. കൃത്യമായ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഒരാള്‍ മാത്രമാണ് നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്താൽ കൂടുതൽ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം. കൊല്ലപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിന്‍റെ പണമിടപാടുകള്‍ കേന്ദ്രീകരിച്ചും ക്വട്ടേഷന്‍ സംഘങ്ങളുടെ സാധ്യതയെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൊല്ലപ്പെട്ട ഷീബ സാലിക്കും ഭർത്താവിനും പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ കാര്‍ കണ്ടെത്തുന്നതിനായി ജില്ലയ്ക്ക് പുറത്തേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകള്‍ അയല്‍ക്കാരെ അറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്.