കേരള ഹൈക്കോടതിയുടെ ഒരു വിധി വന്നാൽ അത് എല്ലാവർക്കും ബാധകമാണ്. അത് കൊണ്ട് തന്നെ ഈ വിധി പൊതുവെ ബാധകം എന്ന വസ്തുത അംഗീകരിച്ചു കൊണ്ടു തന്നെ വിധിയിലെ ഉള്ളടക്കത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാതിരിക്കാൻ നിർവാഹമില്ല. കൊട്ടിയൂർ പീഢനക്കേസിൽ മതപുരോഹിതനായിരുന്ന റോബിൻ്റെ ശിക്ഷാ കാലയളവ് നേർ പകുതിയായി കുറച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ല എന്നും ചിലർക്കെല്ലാം അധിക തുല്യതയുണ്ടെന്ന് അരക്കിട്ടുറപ്പിക്കുന്നതുമാണ്.
വിചാരണ കോടതിയിലെ നടപടി ക്രമങ്ങൾ നടന്നു വരുന്നതിനിടയിലുണ്ടായ നാടകങ്ങളെല്ലാം പൊതു സമൂഹം അന്നേ അറിഞ്ഞതായിരുന്നു – പീഢനത്തിന് വിധേയയായ പെൺകുട്ടിയെയും കുടുംബത്തിനെയും വിലയ്ക്കെടുത്തോ ഭീഷണിപ്പെടുത്തിയോ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് നിർത്തുവാൻ സഭയ്ക്കും പരോഹിതനും കഴിഞ്ഞിരുന്നു എന്നത് കേരളം കണ്ടറിഞ്ഞ യാഥാർത്ഥ്യം തന്നെ ആയിരുന്നു. എന്നാൽ കൂറുമാറ്റ നാടകങ്ങളെയെല്ലാം അവഗണിച്ച് ഡി. എൻ.എ. പരിശോധന എന്ന ശാസ്ത്രീയ തെളിവിനെ മുറുകെ പിടിച്ച വിചാരണ കോടതിയുടെ ആർജ്ജവം ഉന്നത കോടതിക്ക് ഇല്ലാതെ പോയത് ദൗർഭാഗ്യകരം എന്ന് മാത്രമേ ലളിതമായ ഭാഷയിൽ പ്രതികരിക്കാൻ നിർവ്വാഹമുള്ളൂ.
പോക്സോ കേസുകളിൽ ശിക്ഷ കഠിനമാക്കണമെന്ന നിയമം ഇന്ത്യൻ പാർലമെൻ്റ് പാസ്സാക്കുമ്പോഴാണ് കേരള ഹൈക്കോടതി ഇളവുകൾ നൽകാൻ വേണ്ടി മാത്രമുള്ള ന്യായവാദങ്ങൾ ഉയർത്തിയിട്ടുള്ളതെന്ന് കാണുമ്പോൾ കണ്ണുകെട്ടിയ നീതി ദേവതയുടെ കണ്ണുകൾ പോലും ഈറനണിഞ്ഞിട്ടുണ്ടാവും. ഈ വിധി സമൂഹത്തിന് നൽകുന്ന സന്ദേശം മറ്റൊന്നുമല്ല. നീതിപീഠവും നിയമക്രമങ്ങളും ഇരകൾക്ക് വേണ്ടിയുള്ള തല്ല. തീർച്ചയായും വേട്ടക്കാരനെ സംരക്ഷിക്കാനുള്ളത് തന്നെയാണെന്നാണ്.
തടിച്ച നിയമ പുസ്തകത്തിലെ വരികൾ വ്യാഖ്യാനിക്കുമ്പോൾ വിധികർത്താക്കൾ മനനം ചെയ്യേണ്ടത് നീതിബോധം തന്നെയായിരിക്കണമെന്ന് കണ്ണുകെട്ടിയ നീതി ദേവതയുടെ മുന്നിൽ തൊഴുകൈകളാടെ നിന്നു കൊണ്ടു നമുക്ക് പ്രാർത്ഥിക്കാം. പള്ളിയും പട്ടക്കാരുമല്ല അതിനെല്ലാം മുകളിൽത്തന്നെയാണ് നിയമവും നീതിയുമെന്ന് കാലം തെളിയിക്കുക തന്നെ ചെയ്യും.