കോഴിക്കോട്∙കൂടത്തായിയിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെ 6 പേരുടെ മരണം കൊലപാതകമെന്ന നിഗമനനത്തിൽ അന്വേഷണസംഘം. ആറുപേരെയും ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊന്നതാണെന്ന പ്രാഥമികനിഗമനത്തിലാണ് അന്വേഷണസംഘം. ആറുപേരുടെയും മരണം പിണറായി കോലപാതകത്തിന് സമാനമെന്നാണ് പോലീസ് നല‍്കുന്ന വിവരം.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകൻ റോയി തോമസ്, അന്നമ്മയുടെ സഹോദരൻ മച്ചാടിയിൽ മാത്യു, ടോം തോമസിന്റെ സഹോദരപുത്രന്റെ ഭാര്യ ഫിലി, ഇവരുടെ ഒരു വയസ്സുള്ള മകൾ അൽഫൈൻ എന്നിവരാണ് മരിച്ചത്. 2002-നും 2016-നും ഇടയിലാണ് ആറുപേരുടെയും മരണം. അടുത്ത ബന്ധുക്കൾതന്നെയാണ് സംഭവത്തിനുപിന്നിലെന്നാണ് പോലീസ് കരുതുന്നത്.
കൊല്ലപ്പെട്ട ആറുപേരും മരണത്തിനു തൊട്ടുമുൻപ് ആട്ടിൻസൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചു.മരിച്ച റോയി തോമസിന്റെ ശരീരത്തിൽ സയനൈഡിന്റെ അംശവും കണ്ടെത്തിയിരുന്നു. റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സമാന രീതിയിൽ മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിച്ചത്.
2002-ൽ ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിൻസൂപ്പ് കഴിച്ചതിനുപിന്നാലെ തളർന്നുവീണ് മരിക്കുകയായിരുന്നു. സൂപ്പിൽ സയനൈഡ് കലർത്തി നൽകിയതാണ് മരണകാരണമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സയനൈഡ് കലർത്തിയ ഭക്ഷണം കഴിച്ചാലുണ്ടാകുന്ന ലക്ഷണം ഇവർ കാണിച്ചതായി ഇവരുടെ മകൾ അന്വേഷണസംഘത്തിനു മൊഴിനൽകിയിട്ടുണ്ട്.
2011-ൽ ടോം തോമസിന്റെ മകൻ റോയി തോമസ് കുഴഞ്ഞുവീണുമരിച്ചപ്പോൾ ചിലർ സംശയമുന്നയിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തുകയും സയനൈഡ് ഉള്ളിൽ ചെന്നതായി കണ്ടെത്തുകയും ചെയ്തു. ഇത് എവിടെനിന്നു വന്നതാണെന്നകാര്യം അന്നു പോലീസ് അന്വേഷിച്ചില്ല. ബാക്കിയുള്ളവരുടെ മരണവും സമാനരീതിയിലാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ഉറ്റബന്ധുവായി യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത്.