മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് 57ാം പിറന്നാള്‍…തന്റെ ആലാപന സൗകുമാര്യം കൊണ്ട് നാല് പതിറ്റാണ്ടുകളായി കേരളക്കരയെയാകെ സംഗീതത്തിന്റെ ലോകത്തു തളച്ചിട്ട പാട്ടുകാരി. മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ നിന്നായി കാൽലക്ഷത്തിലധികം പാട്ടുകളാണ്, നാല് പതിറ്റാണ്ടുകൾ നീണ്ട സംഗീത ജീവിതത്തിനിടെയിൽ ചിത്ര പാടിയത്. ചിത്രയ്ക്ക് കേരളത്തിൽ മാത്രമല്ല ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒട്ടനവധി ആരാധകരുണ്ട്.
1979-ല്‍ എം.ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ..’ ആണ് ആദ്യം പുറത്തിറങ്ങിയ ഗാനം. ‘ഞാന്‍ ഏകനാണ്’ എന്ന ചിത്രത്തിനു വേണ്ടി സത്യന്‍ അന്തിക്കാട് രചിച്ച് എം.ജി രാധാകൃഷ്ണന്‍ സംഗീതമൊരുക്കിയ ‘രജനീ പറയൂ…’ എന്ന ഗാനമാണ് ചിത്രയുടെ ആദ്യ സോളോ ഹിറ്റ്. 1983ല്‍ പുറത്തിറങ്ങിയ മാമ്മാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി നിരവധി അവസരങ്ങള്‍ എത്തി.
തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി. 6 തവണ കേന്ദ്ര സർക്കാരിന്‍റെ അവാർഡ് നേടിയ കെ.എസ്. ചിത്ര ദക്ഷിണേന്ത്യയുടെ “വാനമ്പാടി” എന്നറിയപ്പെടുന്നു. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. 2005-ൽ പത്മശ്രീ പുരസ്കാരവും ചിത്രക്ക് ലഭിച്ചു.