ആറ് മാസം വൈദ്യുതി ചാർജില്ല, വയനാട്ടിലെ ദുരിതമേഖലയ്ക്ക് സർക്കാരിൻ്റെ കെെത്താങ്ങ്

0

വയനാട്ടിലെ മുണ്ടക്കെെ, ചൂരൽമല പ്രദേശങ്ങളിലെ ദുരിത മേഖലയിൽ നിന്നും അടുത്ത ആറ് മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ലെന്ന് സർക്കാർ അറിയിച്ചു. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് ഇതുസംബന്ധിച്ച് കെഎസ്ഇബിക്ക് നിർദ്ദേശം നല്കിയത്.

മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ.കെ നായർ, അംബേദ്കർ കോളനി,അട്ടമല,അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് അടുത്ത ആറ് മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഈ പ്രദേശത്തുള്ളവർക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാനും നടപടികൾ സ്വീകരിക്കരുതെന്ന് നിർദ്ദേശം നല്കിയിട്ടുണ്ട്. ഉരുൾപൊട്ടൽമേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും.

ഇതില്‍ 385 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു പോയതായി കെഎസ്ഇബി കണ്ടെത്തി. രണ്ട് മാസത്തേക്ക് ഇളവനുവദിക്കാനായിരുന്നു ആദ്യത്തെ നീക്കം. പിന്നീട് ഇത് 6 മാസത്തേക്ക് നീട്ടാൻ തീരുമാനിക്കുകയായിരുന്നു.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ രാത്രി ഉപഭോഗം കൂടുന്ന സമയത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനും പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാൻ സാധിക്കും.