നയതന്ത്ര പാഴ്‌സൽ വഴി മത ഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെ.ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ 11 മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യംചെയ്യലിനു പിന്നാലെ എന്‍ഐഎയുടെ ചോദ്യംചെയ്യലിനും വിധേയനാകുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ രാജിയാവശ്യം ശക്തമായി ഉന്നയിച്ച് രംഗത്തെത്തയിട്ടുണ്ട്.കൊച്ചിയിലെ ഓഫിസിൽ വച്ചാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. രാവിലെ ആറ് മണിക്കാണ് മന്ത്രി എൻഐഎ ഓഫിസിലെത്തിയത്. സ്വകാര്യ വാഹനത്തിലാണ് മന്ത്രി എത്തിയത്.
കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യംചെയ്യല്‍ നാലു മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിപ്പിച്ചു എന്നാണ് വിവരം. സ്വപ്‌നാ സുരേഷനും, യുഎഇ കോൺസുലേറ്റ് ജനറലുമായി ബന്ധമെന്താണ് എന്നാണ് അന്വേഷണ ഏജൻസി പ്രധാനമായും അന്വേഷിക്കുന്നത്. നേരത്തെ റംസാൻ കിറ്റ് വിതരണ സമയത്ത് സ്വപ്‌നാ സുരേഷിനെ വിളിച്ചിരുന്നു എന്നാണ് മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ നിലവിൽ മൂന്ന് പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ സ്വപ്‌നാ സുരേഷിനെ വിളിച്ചിരുന്നു എന്നാണ് കെ.ടി ജലീലിന്റെ മൊഴി. 16 തവണയാണ് കോളുകൾ എങ്കിലും, വാട്‌സ് ആപ്പ് കോളുകളുടേയും, ചാറ്റുകളുടേയും കണക്ക് പുറത്തുവന്നിട്ടില്ല.
ഇതാദ്യമായാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയെ എൻഐഎ ചോദ്യം ചെയ്യുന്നത്. ജലീലിനെ എന്‍ഐഎ ചോദ്യംചെയ്യാന്‍ വിളിച്ചതായുള്ള വാര്‍ത്ത പുറത്തുവന്ന ഉടന്‍തന്നെ പ്രതിപക്ഷവും ബിജെപിയും ജലീലിന്റെ രാജി എന്ന ആവശ്യം ശക്തമായുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ നല്‍കുന്ന സൂചന.