ദൈവങ്ങൾ നടക്കുന്ന ഗ്രാമം!

0

പെട്ടെന്നായിരുന്നു ആ കമാന്‍ഡോ ജനക്കൂട്ടത്തിനിടയിലൂടെ ക്ഷേത്ര നടയിലെത്തിയത്. നെഞ്ചില്‍ വിലങ്ങനെ തൂക്കിയിരിക്കുന്ന എ കെ 47, അരയില്‍ റിവോള്‍വര്‍, കഴുത്തില്‍ ബൈനോക്കുലര്‍. സര്‍വായുധധാരിയായ കമാന്‍ഡോയെ കണ്ട് അമ്പരന്ന് കുട്ടികള്‍ അല്‍പം അകലം പാലിച്ചു. ഒറ്റ ദിവസം ഏതാണ്ട് പത്തു ലക്ഷത്തോളം ഭക്തര്‍ എത്തുന്ന ആ ക്ഷേത്ര നടയില്‍ ഒരു കമാന്‍ഡോയെ മാത്രം കണ്ടതില്‍ പന്തികേട് തോന്നാതിരുന്നില്ല. അത്രയ്ക്ക് സുരക്ഷാ ഭീഷണി ഇവിടെയും ഉണ്ടോ എന്നും ആശങ്കപ്പെട്ടു. കടലും നാമമാത്രമായ കൃഷിയും വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ക്ഷേത്രോത്സവത്തില്‍ നിന്നുള്ള വരുമാനവും മാത്രം ആശ്രയമായുള്ള ഒരു ജനതയുടെയും നാടിന്റെയും മുഖത്ത്‌ ദാരിദ്ര്യം തെളിഞ്ഞു നില്‍ക്കുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ കുടുംബ സമേതം ഒരു പൊലീസ് ഇന്‍സ്‌പെക്ടര്‍ തൊപ്പി ഊരി ഉച്ച വെയിലിന് മുഖം മറയാക്കി നടന്നു പോകുന്നു. അങ്ങനെ അനവധി കുട്ടിപ്പൊലീസുകാരും ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞ ഹോക്കി-ക്രിക്കറ്റ് താരങ്ങളും നഴ്‌സുമാരും നിരനിരയായി ഭക്തര്‍ക്കിടയിലൂടെ ക്ഷേത്ര ദര്‍ശനം നടത്തുന്നു. ഇത് നേര്‍ച്ചയാണ് എന്ന് അറിഞ്ഞപ്പോഴാണ് അമ്പരപ്പ് മാറിയത്. എന്തായിത്തീരണമെന്ന് ആഗ്രഹിക്കുന്നുവോ ആ വേഷത്തിലെത്തിയാല്‍ നിങ്ങള്‍ അതായിത്തീരുമെന്ന വിശ്വാസം.
ഇത് കുലശേഖരപട്ടണം. തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ അകലെയുള്ള കടലോര ഗ്രാമം. ദക്ഷിണേന്ത്യയില്‍ മൈസൂര്‍ കഴിഞ്ഞാല്‍ പത്തു ദിവസം ദസറ വിപുലമായി ആഘോഷിക്കുന്ന തമിഴ്‌നാട്ടിലെ ഏക ഗ്രാമം. മാര്‍ക്കോപോളോയുടെ സഞ്ചാര രേഖകളില്‍ ഇടം നേടിയ സ്ഥലം. ഏകദേശം 300 വര്‍ഷം പഴക്കമുള്ള പ്രസിദ്ധമായ മുത്താരമ്മന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പാണ്ഡ്യരാജാവായ മാറവര്‍മ്മന്‍ കുലശേഖരന്‍ ഉപ്പും മുത്തും കയറ്റുമതി ചെയ്യുന്നതിന് നികുതി ശേഖരിക്കാന്‍ പണിത പട്ടണം. ദുരിതങ്ങളില്‍ ഈ നഗരത്തിന് കാവലാകാന്‍ പണിതതാണത്രെ ഈ ക്ഷേത്രം. അങ്ങനെ ആ ഗ്രാമത്തിന്റെ കാവല്‍ദൈവമായി മാറി മുത്താരമ്മന്‍. ഈ പട്ടണത്തില്‍ മാറവര്‍മ്മന്‍ കുലശേഖരന്‍ കഴിയുന്ന കാലത്താണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം എന്ന് ഗവേഷകര്‍. ദുര്‍ഗയായിരുന്നു പ്രതിഷ്ഠ. മുത്തുകള്‍ കോര്‍ത്ത ഒരു മാല അദ്ദേഹം ആ വിഗ്രഹത്തില്‍ ചാര്‍ത്തി. അങ്ങനെ ദുര്‍ഗ മുത്താരമ്മന്‍ ആയി മാറി എന്നും ചരിത്രം.
ഐതിഹ്യം ഇങ്ങനെ. അഗസ്ത്യരുടെ ശാപമേറ്റ വരമുനി മഹിഷം ആയി മാറുകയും വരമുനി മഹിഷാസുരന്‍ ആകുകയും ചെയ്തുവത്രെ. തപസ്സിലൂടെ മഹിഷാസുരന്‍ ലോകം കീഴടക്കാനുള്ള ശക്തി നേടുകയും വിനാശകാരിയായി മാറുകയും ചെയ്തു. മഹിഷാസുരന്റെ ശല്യം സഹിക്ക വയ്യാതെ മുനിമാര്‍ സങ്കടം ദേവിയെ ഉണര്‍ത്തിക്കുകയും ദേവി മഹിഷാസുരനെ വധിക്കാന്‍ ഒരു പെണ്‍കുഞ്ഞായി ജന്മമെടുക്കുകയും ചെയ്തു. ലളിതംബിക എന്നായിരുന്നു കുഞ്ഞിന്റെ പേര്. 9 ദിവസം കൊണ്ട് വളര്‍ന്ന കുഞ്ഞ് 10-ആം ദിവസം പരാശക്തി ലളിതാംബികയായി മാറുകയും മഹിഷാസുരനെ വധിക്കുകയും ചെയ്തു. ഈ പത്താമത്തെ ദിവസമാണ് ദസറ ആയി ഇവിടെ ആഘോഷിക്കപ്പെടുന്നത്. ഒമ്പതു ദിവസം ദേവിക്ക് ഉണ്ടായ വളര്‍ച്ചയെയാണ് നവരാത്രി ആയി ആഘോഷിക്കുന്നത്. ആദ്യ മൂന്നു നാള്‍ മലൈമകളും രണ്ടാമത്തെ മൂന്നു നാള്‍ അലൈമകളും അവസാനത്തെ മൂന്നു നാള്‍ കലൈമകളും. മഹിഷാസുര വധത്തിനു ശേഷമാണ് മഹിഷാസുര മര്‍ദ്ദിനി ആയി ദേവി അറിയപ്പെടുന്നത്.
ദസറാ നാളുകളില്‍ തുടര്‍ച്ചയായി 41 ദിവസം വ്രതം എടുത്താണ് ദൈവത്തിന്റെ വേഷം ധരിച്ച് ഭക്തര്‍ ക്ഷേത്ര നടയിലെത്തുന്നത്. കാളി വേഷ ധാരികള്‍ മനസ്സു കൊണ്ടും ശരീരം കൊണ്ടും ശുദ്ധിപാലിക്കണം. കാരണം ജനങ്ങള്‍ അനുഗ്രഹം തേടി ഇവരുടെ അടുത്ത് എത്താറുണ്ട്. ആഗ്രഹങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും അനുസരിച്ച് ഭക്തര്‍ക്കും ഏത് വേഷവും സ്വീകരിക്കാം. ഗണപതി, ശിവന്‍, കൃഷ്ണന്‍, അമ്മന്‍, ചുടലമാടന്‍, കരിയിലമാടന്‍, ചങ്ങലമാടന്‍, അസുരന്‍, ഭിക്ഷാടകന്‍ അങ്ങനെ പോകുന്ന ഭക്തരുടെ വേഷങ്ങള്‍. കാളി വേഷ ധാരികളില്‍ ഭൂരിഭാഗവും ആണുങ്ങളായിരിക്കും. ഭര്‍ത്താവ് കാളി വേഷം ധരിക്കുകയും ഭാര്യ ആ കാളിയെ പിന്തുടര്‍ന്ന് നാട്ടുകാരില്‍ നിന്ന് ഭിക്ഷ യാചിച്ച് സമാഹരിക്കുന്ന പണം ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിക്കുകയും ചെയ്യും. ഇതും ഒരു നേര്‍ച്ചയാണ്. പത്താം ദിവസം ദുര്‍ഗാഷ്ടമി നാളില്‍ സിംഹ വാഹനത്തിലെഴുന്നള്ളിക്കുന്ന ദേവി ശൂരസംഹാരം നടത്തും എന്ന് വിശ്വാസം. തുടര്‍ന്ന് ഓരോരുത്തരും തങ്ങള്‍ അണിഞ്ഞ വേഷങ്ങള്‍ ആ അഗ്നിയില്‍ സമര്‍പ്പിച്ചു കഴിയുമ്പോള്‍ ഒരു വര്‍ഷത്തെ ദസറ പൂര്‍ണമാകും.
കഴിഞ്ഞ 15 വര്‍ഷം കൊണ്ടാണ് ഈ ക്ഷേത്രത്തിലെ ദസറയ്ക്ക് ഇത്രയേറെ പ്രാധാന്യം ഉണ്ടായതെന്നു പറയുന്നു നിരീക്ഷകര്‍. ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ നേര്‍ച്ചകളും വഴിപാടുകളുമായി ഇവിടെ എത്താറുണ്ട്. പഴയ കാലങ്ങളില്‍ ആ പ്രദേശത്ത് വസൂരി പടര്‍ന്നു പിടിച്ചപ്പോഴായിരുന്നു അതില്‍ നിന്ന് രക്ഷ നേടാന്‍ വീടുകള്‍ തോറും ഭിക്ഷ യാചിച്ച് ദേവിക്ക് കാണിക്കയായി ഭക്തര്‍ സമര്‍പ്പിച്ചിരുന്നതെന്നു പറയുന്നു ഒരു പ്രദേശ വാസി. അങ്ങനെ വസൂരിയും ആ നാടുവിട്ടത്രെ. ഇത് പരിണമിച്ചാണ് ദസറ ആഘോഷം ഇന്നത്തെ രീതിയിലേക്ക് ഇത്രയും വിപുലമായതെന്നും പറയപ്പെടുന്നു. അതെന്തായാലും ആണുങ്ങള്‍ കാളിവേഷവും ആണ്‍കുട്ടികള്‍ പെണ്‍വേഷവും മൂന്നാം ലിംഗക്കാര്‍ മറ്റു പല വേഷങ്ങളിലും അവരോടൊപ്പം മറ്റു നേര്‍ച്ചക്കാര്‍ പൊലീസിന്റെയും പട്ടാളത്തിന്റെയും ഹോക്കി-ക്രിക്കറ്റ് താരങ്ങളുടെയും നഴ്‌സുമാരുടെയും വേഷങ്ങളിലും വാദ്യമേളങ്ങള്‍ക്കും ചന്ദന-കര്‍പ്പൂര പുകകള്‍ക്കും ഇടയിലൂടെ നടന്നു പോകുമ്പോള്‍ ആദ്യമായി ഈ ഉത്സവാഘോഷങ്ങള്‍ക്ക് എത്തുന്ന കാണികള്‍ അമ്പരക്കാതിരിക്കില്ല.